'ആളറിഞ്ഞ് കളിക്കെടാ'; പ്രതിഷേധം കനത്തു, ഒടുവില്‍ പൃഥ്വിക്കെതിരായ ലേഖനം മുക്കി ജനം ടി.വി
Lakshadweep
'ആളറിഞ്ഞ് കളിക്കെടാ'; പ്രതിഷേധം കനത്തു, ഒടുവില്‍ പൃഥ്വിക്കെതിരായ ലേഖനം മുക്കി ജനം ടി.വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th May 2021, 1:01 am

തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ പൃഥ്വിരാജിനും കുടുംബത്തിനുമെതിരായ ലേഖനം പിന്‍വലിച്ച് ജനം ടി.വി. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കി പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജനം ടി.വി അധിക്ഷേപ ലേഖനവുമായി രംഗത്ത് എത്തിയത്.

സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമായിരുന്നു ജനം ടി.വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞത്.

ചാനലിന്റെ എഡിറ്ററായ ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിലായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

ഇതിന് പിന്നാലെ പൃഥ്വിക്ക് പിന്തുണയും ജനം ടി.വിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

സംവിധായകരായ അരുണ്‍ ഗോപി, മിഥുന്‍ മാനുവല്‍ തോമസ്, നടന്മാരായ അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, മുന്‍ എം.എല്‍.എ വി.ടി ബല്‍റാം തുടങ്ങിയവരും പ്രതിഷേധവുമായി എത്തിയിരുന്നു.

സംസ്‌ക്കാരം എന്ന വാക്കിന്റെ ഏതെങ്കിലും അരികിലൂടെ നിങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍, ഈ വാചകങ്ങള്‍ നിങ്ങള്‍ തിരുത്തണ്ട, കാരണം നിങ്ങളില്‍ നിന്നു ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍. പക്ഷെ ജനം എന്ന പേര് നിങ്ങള്‍ തിരുത്തണം..! ഈ വിസര്‍ജ്ജ്യം പേറുന്ന മനസ്സുകളുടെ ചാനലിന് ആ പേര് യോജിക്കില്ല, ലക്ഷദ്വീപിലെ ‘ജന’ത്തിനൊപ്പം എന്നായിരുന്നു അരുണിന്റെ പ്രതികരണം.

നേരത്തെ പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമാണെന്നും അച്ഛന്റെ ഗുണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ പുനര്‍വിചിന്തനം ചെയ്യണമെന്നു് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയറിയിച്ച് പൃഥ്വിരാജ് രംഗത്ത് എത്തിയതിന് പിന്നാലെ താരത്തിനെതിരെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.

പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളില്‍ ലക്ഷദ്വീപിനെതിരെ നിരവധി വ്യാജ വിദ്വേഷ ആരോപണങ്ങളും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. മാസങ്ങളായി ലക്ഷദ്വീപ് ജനത നടത്തിവരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തിലെ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെയാണ് പ്രതിഷേധമുയരുന്നത്.

ഈ പ്രതിഷേധത്തിന് പിന്തുണച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതിയത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന, അവിടുത്തുകാര്‍ പറയുന്നതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്ന് പൃഥ്വിരാജ് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Protests intensified, and finally the article against Prithviraj was removed by the Janam TV