| Tuesday, 24th December 2024, 6:06 pm

സിറിയയില്‍ ക്രിസ്മസ് ട്രീ അഗ്നിക്കിരയാക്കി; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌കസ്: സിറിയന്‍ നഗരമായ ഹമായില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ക്രിസ്മസ് ട്രീ അജ്ഞാതര്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മധ്യസിറിയയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ സുഖൈലബിയയിലാണ് സംഭവം.

നഗരത്തിലെ ഒരു പ്രധാന സ്‌ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീക്ക് തോക്കുധാരിയായ രണ്ടാളുകള്‍ തീ വെക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.

അതേസമയം സംഭവത്തിന് പിന്നില്‍ ഉള്ളവരെ പിടികൂടിയതായി നിലവില്‍ സിറിയ ഭരിക്കുന്ന ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം  അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഈ സംഭവത്തെ തുടര്‍ന്ന് പുതിയ ഇസ്‌ലാമിക ഭരണകൂടത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് നിരവധി ജനങ്ങള്‍ തെരുവുകളിലേക്കിറങ്ങി. ഭരണകക്ഷിയായ ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാമിലെ ഒരു മതനേതാവ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മരം നന്നാക്കുമെന്ന് സുഖൈലബിയയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് ഉറപ്പ് നല്‍കിയിരുന്നു.

സിറിയയിലെ വിദേശികളാണ് സംഭവത്തിന് പിന്നിലെന്ന് എച്ച്.ടി.എസ് വെളിപ്പെടുത്തിയതോടെ വിദേശികള്‍ക്കെതിരേയും പ്രതിഷേധക്കാര്‍ വിമര്‍ശനമുന്നയിക്കുകയുണ്ടായി.

‘സിറിയ സ്വതന്ത്രമാണ്, സിറിയക്കാരല്ലാത്തവര്‍ പോകണം,’ വിദേശികളെ പരാമര്‍ശിച്ച് പ്രതിഷേധക്കാര്‍ പറഞ്ഞു.

അസദിന്റെ പതനശേഷം മുഹമ്മദ് അബു ജുലാനിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന പുതിയ ഭരണകൂടം അധികാരം ഏറ്റെടുക്കും മുമ്പ് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുമെന്ന് അറിയിച്ചിരുന്നു.

കുര്‍ദുകള്‍, അര്‍മേനിയക്കാര്‍, അസീറിയക്കാര്‍, ക്രിസ്ത്യാനികള്‍, ഡ്രൂസ്, അലവിറ്റ് ഷിയ, അറബ് സുന്നികള്‍ എന്നിവരുള്‍പ്പെടെ നിരവധി വംശീയവും മതപരവുമായ ന്യൂനപക്ഷ ഗ്രൂപ്പുകള്‍ നിലവില്‍ സിറിയയിലുണ്ട്.

Content Highlight: Protests in Syria over Christmas tree burning in Hama

We use cookies to give you the best possible experience. Learn more