കൊളംബോ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ഇന്ത്യയിലെ കോര്‍പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനിരിക്കുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെ (Wind mill project) ജനകീയ പ്രതിഷേധം ശക്തമാകുന്നു.
ശ്രീലങ്കയിലെ വടക്കുകിഴക്കന്‍ പ്രദേശമായ മാന്നാറില്‍ അദാനി ഗ്രൂപ്പ് ആരംഭിക്കാനിരിക്കുന്ന പ്രോജക്ടിനെതിരെയാണ് ലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വ്യാഴാഴ്ച പ്രതിഷേധം അരങ്ങേറിയത്.
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജി വെക്കണമെന്ന് (President Gotabaya go home) ആവശ്യപ്പെട്ട് പ്രതിഷേധസമരം നയിക്കുന്നവര്‍ തന്നെയാണ് അദാനി ഗ്രൂപ്പ് പദ്ധതി ഏറ്റെടുക്കുന്നതിനെതിരെയും പ്രതിഷേധിക്കുന്നത്.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയും തമ്മിലുണ്ടാക്കിയ ഡീലിന്റെ ഭാഗമായാണ് പദ്ധതി അദാനി ഗ്രൂപ്പിന് ലഭിച്ചതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്.
നേരത്തെ, ‘പദ്ധതി അദാനി ഗ്രൂപ്പിന് തന്നെ നല്‍കണമെന്ന് നരേന്ദ്ര മോദി തന്നെ നിര്‍ബന്ധിക്കുന്നു,’ എന്ന് പ്രസിഡന്റ് ഗോതബയ രജപക്‌സെ പറഞ്ഞതായി ശ്രീലങ്കയുടെ ഇലക്ട്രിസിറ്റി ബോര്‍ഡ് തലവന്‍ ഫെര്‍ഡിനാന്റോ വെളിപ്പെടുത്തിയിരുന്നു.
പാര്‍ലമെന്ററി പാനലിന് മുമ്പാകെയായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്. പിന്നാലെ ഫെര്‍ഡിനാന്റോ സ്ഥാനത്ത് നിന്നും രാജി വെക്കുകയും ചെയ്തിരുന്നു.
അദാനി ഗ്രൂപ്പ് പദ്ധതി ഏറ്റെടുത്തതിലുള്ള സുതാര്യത ചോദ്യം ചെയ്ത് കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. കോര്‍പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പിനെതിരായ മുദ്രാവാക്യങ്ങളും ജനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞയാഴ്ച നടന്ന ശ്രീലങ്കന്‍ പാര്‍ലമെന്ററി ഓവര്‍സൈറ്റ് കമ്മിറ്റിയാണ് 500 മെഗാവാട്ടിന്റെ വിന്റ്മില്‍ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനമെടുത്തത്. ഇതിന് പിന്നാലെ തന്നെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉടലെടുത്തിരുന്നു.
ഉത്തരവാദിത്തമുള്ള ഒരു കോര്‍പറേറ്റ് എന്ന നിലയില്‍, ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ എല്ലായ്‌പോഴുമുള്ള നല്ല ബന്ധത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭാഗമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്,” വിവാദത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് വക്താവ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
Content Highlight: Protests in Sri Lanka against proposed wind mill project by Adani Group from India