ചണ്ഡിഗഢ്: പഞ്ചാബിലെ മൊഹാലിയിലെ ചണ്ഡിഗഢ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പ്രതിഷേധം ശക്തം.
ഹോസ്റ്റലില്‍ തന്റെ ഒപ്പം താമസിക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ ഒരു പെണ്‍കുട്ടി പുറത്തുവിടുകയായിരുന്നു. ഇത് ഓണ്‍ലൈനിലൂടെ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം വ്യാപകമായത്.
കുട്ടികള്‍ ശാന്തരായിരിക്കണമെന്നും സംയമനം പാലിക്കണമെന്നും പഞ്ചാബിന്റെ മിനിസ്റ്റര്‍ ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഹര്‍ജോത് സിങ് ബെയിന്‍സ് (Harjot Singh Bains) പ്രതികരിച്ചു.
”കുറ്റവാളികളാരും രക്ഷപ്പെടില്ല. ഇത് വളരെ സെന്‍സിറ്റീവായ കാര്യമാണ്, നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ നാമെല്ലാവരും വളരെ ജാഗ്രത പാലിക്കണം, ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ നേരിടേണ്ട ഒരു പരീക്ഷണം കൂടിയാണിത്,” അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പഞ്ചാബ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായുമാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായ പെണ്‍കുട്ടികളില്‍ നിരവധി പേര്‍ ആത്മഹത്യക്ക് ശ്രമിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ യൂണിവേഴ്‌സിറ്റി അധികൃതരും പൊലീസും നിഷേധിച്ചു.
പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചതായുള്ള അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും
”ഇത് ഒരു വിദ്യാര്‍ത്ഥിനി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച വിഷയമാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെഡിക്കല്‍ രേഖകള്‍ പ്രകാരം ആത്മഹത്യാശ്രമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,” മൊഹാലി പൊലീസ് ചീഫ് വിവേക് സോണി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചാബ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മനീഷ ഗുലാത്തി പറഞ്ഞു.
”ഇത് ഗൗരവമുള്ള വിഷയമാണ്. അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ വെറുതെ വിടില്ലെന്ന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു,” മനീഷ ഗുലാത്തി പറഞ്ഞു.
Content Highlight: Protests in Punjab Chandigarh University after Girls’ hostel videos leaked online