ടെല്‍അവീവ്: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇസ്രാഈലില്‍ നടക്കുന്ന പ്രക്ഷോഭം മൂന്നാം ദിവസിലേക്ക് കടക്കുമ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്ത് ജനവികാരം ശക്തമാവുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാര്‍ ബീജിന്‍ സ്ട്രീറ്റിലെ ഇസ്രഈല്‍ പ്രതിരോധ സേന(ഇസ്രഈലല്‍ ഡിഫന്‍സ് ഫോഴ്‌സ്) യുടെ സൈനിക ആസ്ഥാനത്ത് ഗതാഗതം തടഞ്ഞ് പ്രതിഷേധിക്കുകയും തെരുവുകള്‍ ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത, മരിച്ച ബന്ദികളുടെ
കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുകയും ഭരണം നടത്താന്‍ നെതന്യാഹു അര്‍ഹനല്ലെന്നും വിമര്‍ശിച്ചതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.
‘നെതന്യാഹു കരുതുന്നത് ഇസ്രഈലിലെ ജനങ്ങള്‍ എല്ലാവരും മണ്ടന്‍മാര്‍ ആണെന്നാണ്. ഹിസ്ബുള്ള, ഇറാന്‍, വെസ്റ്റ് ബാങ്ക്, ഗസ എന്നിവ ഉള്‍പ്പെടുന്ന അച്ചുതണ്ട് ആണ് ഏറ്റവും അപകടകരമെന്ന് നാം കരുതും. എന്നാല്‍ രാഷ്ട്രത്തിന് ഏറ്റവും അപകടകരം ബെന്‍ഗ്വിര്‍(ദേശീയ സുരക്ഷ മന്ത്രി)-സ്‌മോട്രിച്ച്(ഇസ്രഈല്‍ ധനകാര്യമന്ത്രി) എന്നിവരുടെ സഖ്യമാണ്.
എന്നാല്‍ ഈ രണ്ട് വ്യക്തികളെ നിയന്ത്രിക്കാന്‍ പറ്റാത്ത നിങ്ങള്‍(നെതന്യാഹു) എങ്ങനെയാണ് 14 കിലോമീറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്,’ കൊല്ലപ്പെട്ട ബന്ദികളിലൊരാളായ ലിരി അബാഗിന്റെ പിതാവായ എലി അബാഗ് രോഷത്തോടെ ചോദിച്ചു. ഇത് പറഞ്ഞതിന് ശേഷം കൊല്ലപ്പെട്ട മകന് വേണ്ടി വിളക്കുകള്‍ തെളിയിച്ച് പ്രാര്‍ത്ഥിക്കാന്‍ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടാണ് അദ്ദേഹം വേദി വിട്ടത്.
ടെല്‍ അവീവിന് പുറമെ ഇസ്രഈലിലെ ലോവര്‍ ഗലീലിയിലും ഷാര്‍ഹനേഗേവ് ജങ്ഷനിലും പ്രതിഷേധക്കാര്‍ ഒത്തുകൂടി. നെതന്യാഹുവിന്റെ വീടിന് പുറമെ നീതിന്യായ മന്ത്രി യാരിവ് ലെവിന്റെയും വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സിന്റെയും വീടുകള്‍ക്ക് പുറമെയും പ്രതിഷേധക്കാര്‍ ഒത്തുകൂടിയതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ 251 ബന്ദികളില്‍ 97 പേര്‍ ഗസയില്‍ ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 33 പേര്‍ ഇതിനകം മരിച്ചതായി ഐ.ഡി.എഫ്(ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ്) സ്ഥിരീകരിച്ചിട്ടുണ്ട്.
നവംബര്‍ അവസാനത്തോടെ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് 105 പൗരന്മാരെ മോചിപ്പിച്ചിരുന്നു. അതിനുമുമ്പ് നാല് ബന്ദികളെ മോചിപ്പിച്ചു. എട്ട് ബന്ദികളെ ഇസ്രഈല്‍ സൈന്യം ജീവനോടെ രക്ഷിച്ചു. 37 പേരുടെ മൃതദേഹങ്ങള്‍ ഗസയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
അതേസമയം കൊല്ലപ്പെട്ട ആറ് ബന്ദികളുടെ മരണത്തിന് ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു അറിയിച്ചു.
അവരെ ജീവനോടെ തിരികെ രാജ്യത്ത് എത്തിക്കാന്‍ സാധിക്കാത്തതില്‍ ജനങ്ങളോട് ക്ഷമ ചോദിച്ച നെതന്യാഹു ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറണമെന്ന ഹമാസിന്റെ നിര്‍ദേശം നിരാകരിക്കുകയും ചെയ്തിരുന്നു.
Content Highlight: Protests in Israel enter third day; Hostage families rage against Netanyahu