| Friday, 2nd February 2024, 5:37 pm

വലതുപക്ഷ സര്‍ക്കാരിന്റെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം; ഫിന്‍ലാന്‍ഡ് സ്തംഭനാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹെല്‍സിങ്കി: രാജ്യത്തെ വലതുപക്ഷ സര്‍ക്കാരിന്റെ ആസൂത്രിത തൊഴില്‍ വിപണി പരിഷ്‌കാരങ്ങള്‍ക്കെതിരെ ഫിന്‍ലാന്‍ഡില്‍ വ്യാപക പ്രതിഷേധം. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്തുന്ന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധക്കാര്‍ മൂന്ന് ദിവസം പണിമുടക്ക് നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫിന്‍ലന്‍ഡിലെ മൊത്തം 2.29 ദശലക്ഷം ആളുകളില്‍ 13 ശതമാനം സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്ന തൊഴിലാളികളാണ്. തങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ദീര്‍ഘകാല സമരം നടത്തുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഫിന്നിഷ് ട്രേഡ് യൂണിയന്റെ (എസ്.എ.കെ) നേതൃത്വത്തില്‍ നടന്ന പണിമുടക്കിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ഏകദേശം 300,000 തൊഴിലാളികള്‍ തങ്ങളുടെ തൊഴിലിടങ്ങള്‍ ബഹിഷ്‌ക്കരിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് വിമാന ഗതാഗതം, പൊതു ഗതാഗതം അടക്കമുള്ള ഫിന്‍ലാന്‍ഡിലെ വിവിധ മേഖലകള്‍ പൂര്‍ണമായും സ്തംഭിച്ചു.

പണിമുടക്കിന് പിന്നാലെ 550ഓളം വിമാനങ്ങള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായെന്നും ഹെല്‍സിങ്കി വിമാനത്താവളത്തിലെ ഗതാഗതം ഗണ്യമായി വെട്ടിക്കുറച്ചെന്നും ഇത് 60,000 യാത്രക്കാരെ ബാധിച്ചുവെന്നും നാഷണല്‍ എയര്‍ലൈന്‍ ഫിന്നയര്‍ വ്യക്തമാക്കി.

പൊതുഗതാഗതം, ഊര്‍ജം, സ്‌കൂളുകള്‍, ആരോഗ്യ സംരക്ഷണം, റീട്ടെയില്‍, തപാല്‍ സേവനം തുടങ്ങിയ വിവിധ മേഖലകളെ തടസപ്പെടുത്തികൊണ്ട് രാജ്യത്ത് വ്യാപകമായ പണിമുടക്ക് ആസൂത്രണം ചെയ്യുമെന്ന് ട്രേഡ് യൂണിയനുകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം തൊഴിലാളികളുടെ നീണ്ടുപോവുന്ന സമരത്തില്‍ ഫിന്‍ലാന്‍ഡിലെ തൊഴില്‍ മന്ത്രി ആര്‍ട്ടോ സറ്റോണന്‍ അപലപിച്ചു. തൊഴില്‍ നിരക്ക് ഉയര്‍ത്താന്‍ തങ്ങള്‍ക്ക് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് ആര്‍ട്ടോ സറ്റോണന്‍ പറഞ്ഞു.

രാജ്യത്തിന്റെ ധനക്കമ്മി കുറയ്ക്കുന്നതിനും ദീര്‍ഘകാല മത്സരശേഷി വര്‍ധിപ്പിക്കുന്നതിനുമായി ‘കയറ്റുമതി അധിഷ്ഠിത തൊഴില്‍ വിപണി’ എന്ന മോഡല്‍ പ്രവര്‍ത്തികമാക്കുമെന്ന് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി പെറ്റേരി ഓര്‍പോയുടെ സഖ്യ സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഈ മോഡലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.

Content Highlight: Protests in Finland against right-wing government’s labor reforms

We use cookies to give you the best possible experience. Learn more