ബംഗാളിൽ കനാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; പരാതി നൽകാൻ എത്തിയ കുടുംബത്തെ മർദിച്ച് പൊലീസ്
national news
ബംഗാളിൽ കനാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; പരാതി നൽകാൻ എത്തിയ കുടുംബത്തെ മർദിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th October 2024, 11:47 am

കൊൽക്കത്ത: പശ്ചിമബംഗാളിൽ കനാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ പൊലീസിൻ്റെ അനാസ്ഥക്കെതിരെ രൂക്ഷ പ്രതിഷേധം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇന്നലെ രാത്രി മുതൽ കാണാതായ പെൺകുട്ടി ബലാത്സംഗത്തിനിരയാവുകയും മൃതദേഹം കനാലിൽ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആശങ്കയിലായ പെൺകുട്ടിയുടെ കുടുംബം പരാതി നൽകാൻ പ്രാദേശിക പൊലീസ് സ്റ്റേഷനെ സമീപിച്ചു. എന്നാൽ, സഹായം ലഭിക്കുന്നതിന് പകരം പൊലീസിന്റെ ഭാഗത്ത് നിന്ന് പീഡനമാണ് നേരിടേണ്ടി വന്നതെന്ന് ഇവർ പരാതിപ്പെട്ടു.

ഇന്ന് രാവിലെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ വൻതോതിൽ തടിച്ചുകൂടി സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. കൃത്യസമയത്ത് നടപടിയെടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് അവർ ആരോപിച്ചു. സംഭവത്തെ തുടർന്ന് നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഒരു കൂട്ടം ഗ്രാമീണർ, കൂടുതലും സ്ത്രീകൾ, പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരുവുകളിൽ വടികളുമായി പ്രതിഷേധം നയിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ കാണാം. പൊലീസ് കൃത്യസമയത്ത് പരാതി രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് നാട്ടുകാർ ഉദ്യോഗസ്ഥരെ വളയുന്നതും ഏറ്റുമുട്ടുന്നതും മറ്റൊരു വീഡിയോയിൽ കാണിക്കുന്നുണ്ട്.

സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പൊലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും പൊലീസ് സ്റ്റേഷൻ വടികൾ ഉപയോഗിച്ച് നശിപ്പിക്കുകയും കല്ലെറിയുകയും ചെയ്തു. അതോടൊപ്പം രോഷാകുലരായ നാട്ടുകാർ ബൈക്കുകളും മറ്റ് പൊതുമുതലുകളും അടിച്ചു തകർത്തു.

വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഇരയ്ക്ക് നീതി ലഭിക്കണമെന്നാണ് സമൂഹം ഇപ്പോൾ ആവശ്യപ്പെടുന്നത്. ഈ ഹീനമായ കുറ്റകൃത്യത്തിന് ഉത്തരവാദികളായവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും ഭാവിയിൽ ഇത്തരം ഗുരുതരമായ സംഭവങ്ങളോടുള്ള പ്രതികരണം മെച്ചപ്പെടുത്തണമെന്നും ഗ്രാമവാസികൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

 

 

 

Content Highlight: Protests in Bengal after girl’s body found in canal, locals claim police inaction