| Friday, 16th August 2024, 9:04 am

സി.എ.എയിലൂടെ ബംഗ്ലാദേശിക്ക് ഇന്ത്യൻ പൗരത്വം; അസമിൽ വൻ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമിലെ കച്ചാര്‍ ജില്ലയിലെ സില്‍ഹാറില്‍ താമസിക്കുന്ന 50 വയസുകാരന് 2024ലെ പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കിയതിന് പിന്നാലെ അസമില്‍ പ്രതിഷേധം. സില്‍ഹാറില്‍ ജനിച്ച ബംഗ്ലാദേശുകാരന് ആഭ്യന്തര മന്ത്രാലയം ഇന്ത്യന്‍ പൗരത്വം നല്‍കിയ വാര്‍ത്ത ബുധനാഴ്ചയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് അഖില അസം വിദ്യാര്‍ത്ഥി യൂണിയന്‍ ‘ഞങ്ങള്‍ സി.എ.എ അംഗീകരിക്കില്ല’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധം ആരംഭിച്ചത്.

സില്‍ഹാറിലുള്ള പൗരത്വം നല്‍കിയ ആള്‍ ദാസ് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് സി.എ.എ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ദാസ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ദാസ് ഭാര്യയും രണ്ട് ആണ്‍മക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സില്‍ഹാറിലാണ് താമസിക്കുന്നത്. അസമിലെ ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷനില്‍ നിന്ന് പൗരത്വ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ദാസിന് ഇപ്പോള്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

ദാസിന് പൗരത്വം നല്‍കുന്നതിലൂടെ 39 വര്‍ഷം മുമ്പ് ഓഗസ്റ്റ് 15ന് ഒപ്പുവെച്ച അസം കരാറിന്റെ ആത്മാവിനെ ഇല്ലാതാക്കിയെന്നാണ് എ.എ.എസ്.യു പ്രസിഡന്റ് ഉപാല്‍ ശര്‍മ പറഞ്ഞത്. പൗരത്വം ലഭിക്കാനായി ലക്ഷക്കണക്കിന് ആളുകള്‍ അതിര്‍ത്തികളില്‍ ട്രക്കുകളില്‍ കാത്തിരിക്കുന്നുണ്ടന്നും എ.എ.എസ്.യു പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

20 ലക്ഷം ബംഗ്ലാദേശികള്‍ ഇന്ത്യന്‍ പൗരന്മാരാകുമെന്ന എ.എ.എസ്.യുവിന്റെ വാദത്തിനെതിരെ ഒരാള്‍ക്ക് മാത്രമേ പൗരത്വം ലഭിച്ചിട്ടുള്ളൂ എന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സി.എ.എ വിരുദ്ധ രക്തസാക്ഷികളുടെ അനുസ്മരണ ചടങ്ങ് എ.എ.എസ്.യു നടത്തുന്ന ദിവസം യുവാക്കളെ കലാപത്തിന് പ്രേരിപ്പിച്ചത് എങ്ങനെയെന്നും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും മനസിലാക്കാന്‍ സംസ്ഥാനം വഞ്ചന ദിവസമായി ആചരിക്കുമെന്നും അസം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Content Highlight: Protests in Assam Against Granting Citizenship To Bangladeshi

We use cookies to give you the best possible experience. Learn more