കൊൽക്കത്ത ആർ.ജി കാർ ബലാത്സംഗം; 25ൽ അധികം രാജ്യങ്ങളിൽ പ്രതിഷേധം
national news
കൊൽക്കത്ത ആർ.ജി കാർ ബലാത്സംഗം; 25ൽ അധികം രാജ്യങ്ങളിൽ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th September 2024, 10:03 am

കൊൽക്കത്ത: കൊൽക്കത്ത ആർ.ജി കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധവുമായി 25 ൽ അധികം രാജ്യങ്ങൾ. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് 25 രാജ്യങ്ങളിലായി 130ലധികം നഗരങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ ഞായറാഴ്ച പ്രതിഷേധിച്ചു.

ജപ്പാൻ, ഓസ്‌ട്രേലിയ, തായ്‌വാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ വലുതും ചെറുതുമായ ഗ്രൂപ്പുകളായി ആരംഭിച്ച പ്രതിഷേധം നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ചെസ്റ്റ് മെഡിസിൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ 31കാരി ആഗസ്റ്റ് ഒമ്പതിന് കൊല്ലപ്പെട്ട നിലയിൽ ആശുപത്രിയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇന്ത്യയിലുടനീളം വലിയ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്തുണ നൽകിയും കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി തേടിയുമാണ് വിവിധ രാജ്യങ്ങളിലായി പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നത്.

സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിൽ നടന്ന ഒരു പ്രതിഷേധത്തിൽ ആളുകൾ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചു. നിരവധി സ്ത്രീകൾ കറുത്തവസ്ത്രം ധരിച്ച് സെർഗൽസ് ടോർഗ് സ്‌ക്വയറിൽ ഒത്തുകൂടി ബംഗാളിയിൽ ഗാനങ്ങൾ ആലപിക്കുകയും ഇന്ത്യൻ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഡ്യൂട്ടിയിലിരിക്കെ യുവ ഡോക്ടറോട് കാണിച്ച ഈ ക്രൂരത, ഈ ഹീന കൃത്യം സ്ത്രീ ജീവിതത്തെ എത്ര നിസാരമായാണ് ഇവർ കാണുന്നതെന്ന് വെളിവാക്കുന്നു. ഇത് ഞങ്ങളെ ഓരോരുത്തരെയും ഞെട്ടിക്കുകയും ചെയ്തു,’ ആഗോള പ്രതിഷേധങ്ങളുടെ സംഘാടകയായ ദീപ്തി ജെയിൻ പറഞ്ഞു.

നിലവിൽ ബ്രിട്ടീഷ് പൗരയും കൽക്കട്ട നാഷണൽ മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലെ പൂർവ്വ വിദ്യാർത്ഥിയുമായ ജെയിൻ കഴിഞ്ഞ മാസം യു.കെയിൽ വനിതാ ഡോക്ടർമാരുടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

2012ൽ ദൽഹിയിൽ ഓടുന്ന ബസിൽ 23 കാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം കർശനമായ നിയമങ്ങൾ കൊണ്ടുവന്നെങ്കിലും, സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് അറുതി വന്നിട്ടില്ല എന്നതാണ് കൊൽക്കത്ത കേസിലൂടെ മനസിലാകുന്നതെന്ന് പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.

കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിഭാഗം ഡോക്ടറായ 31 കാരി ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അനുശോചിച്ച് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മമത സര്‍ക്കാരിന്റെ നേതൃത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

തൃണമൂല്‍ ഭാഗമായ ഇന്ത്യാ മുന്നണിയില്‍ നിന്ന് പോലും ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുറ്റവാളിയെ സംരക്ഷിക്കുന്ന പ്രാദേശിക ഭരണകൂടത്തിന്റെ നടപടിയെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ചേദ്യം ചെയ്തു.

 

 

Content Highlight: Protests held in 25 countries over Kolkata rape-murder