| Saturday, 14th December 2024, 8:11 am

മഥുരയ്ക്ക് സമീപം പശുക്കളുടെ ജഡം കണ്ടെത്തിയതിനെ തുടർന്ന് പ്രതിഷേധവുമായി ഗോരക്ഷാ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഥുര: മഥുര-വൃന്ദാവൻ റോഡിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതിഷേധവുമായി ഗോരക്ഷാ സമിതി. പ്രതിഷേധക്കാർ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി.

മഥുരയിലെ പി.എം.വി പോളിടെക്‌നിക് കോളേജിന് പിന്നിലെ വനമേഖലയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. റോഡ് ഉപരോധം മൂലം വലിയ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും പ്രദേശവാസികളും സ്‌കൂൾ കുട്ടികൾളും ബുദ്ധിമുട്ടിയതായും തീർഥാടകർ വലഞ്ഞതായും പൊലീസ് പറഞ്ഞു.

പൊലീസ് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും, പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ വിസമ്മതിച്ചു. തുടർന്ന് ഗതാഗതം പുനർസ്ഥാപിക്കാൻ വേണ്ടി ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലം ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര കുമാർ സിങ് സന്ദർശിച്ചു. മഥുരയിൽ അനധികൃത ഗോ വില്പന നടക്കുന്നുവെന്ന് സംഭവസ്ഥലത്ത് പ്രതിഷേധിച്ച ഗോരക്ഷാ സമിതി ജില്ലാ പ്രസിഡൻ്റ് ഭരത് ഗൗതം ആരോപിച്ചു.

എന്നാൽ പശുക്കളുടെ ഉടമകളോ സമീപത്തെ ഗോശാലകളോ (പശു ഷെൽട്ടറുകൾ) ആയിരിക്കാം പശുക്കളുടെ മൃതദേഹം ഉപേക്ഷിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര കുമാർ സിങ് പറഞ്ഞു.

‘പി.എം.വി ക്യാമ്പസിന് പിന്നിലെ ദൗഹേര ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് പശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പശുക്കളുടെ ഉടമകളോ സമീപത്തെ ഗോശാലകളോ (പശു ഷെൽട്ടറുകളോ) ജഡം ഉപേക്ഷിച്ചതാകാനാണ് സാധ്യത. വിഷയം അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

റോഡ് ഉപരോധിക്കുകയും പൊതുശല്യമുണ്ടാക്കുകയും ചെയ്തതിന് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വെള്ളിയാഴ്ച രാത്രി വൈകിയും ഔപചാരികമായി കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlight: Protests disrupt road traffic after carcasses of cows found near Mathura

Latest Stories

We use cookies to give you the best possible experience. Learn more