national news
ബെംഗളുരൂവില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ആഫ്രിക്കന്‍ സ്വദേശി മരിച്ചു; വംശീയ കൊലപാതകമാണെന്ന് ആരോപണം, പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 03, 03:27 am
Tuesday, 3rd August 2021, 8:57 am

ബെംഗളൂരു: പൊലീസ് കസ്റ്റഡിയിലിരിക്കെ ബെംഗളൂരുവില്‍ ആഫ്രിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തം. ലഹരിമരുന്ന് കേസില്‍ ജെ.സി. നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കോംഗോ സ്വദേശി 27-കാരന്‍ ജോണ്‍ ജോയലാണ് മരിച്ചത്.

വംശീയ കൊലപാതകമാണെന്ന് ആരോപിച്ച് ജെ.സി. നഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ആഫ്രിക്കന്‍ വംശജര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. പൊലീസും ആഫ്രിക്കന്‍ സ്വദേശികളും തമ്മില്‍ ഏറ്റുമുട്ടി.

ജോണ്‍ ജോയല്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഹൃദയാഘാതം എന്നാണ് ജോയലിന്റെ സുഹൃത്തുക്കളെ പൊലീസ് അറിയിച്ചത്. നെഞ്ച് വേദനയുണ്ടായ ഉടന്‍ ജോയലിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കമല്‍ പന്ത് പറഞ്ഞു.

എന്നാല്‍ കസ്റ്റഡി മരണമാണെന്നാണ് ജോണ്‍ ജോയലിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ആഫ്രിക്കന്‍ എംബസി വിശദീകരണം തേടിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും അന്വേഷണം തുടങ്ങി.

രണ്ട് പായ്ക്കറ്റ് മയക്കുമരുന്നുമായി ഞാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ജോയല്‍ പിടിയിലായത്. ജോണിനൊപ്പം എത്തിയ രണ്ട് പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

പിടിയിലായ ജോയലിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥി വിസയിലെത്തിയ ജോയല്‍ 2017ല്‍ വിസാകാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Protests are strong over the killing of an African national in Bengaluru while in police custody