Advertisement
national news
'രാഷ്ട്രീയ മുതലെടുപ്പിനായി ഒരു നേതാക്കളും ദല്‍ഹിയിലേക്ക് വരേണ്ട'; പ്രതിഷേധം കനപ്പിച്ച് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 28, 09:43 am
Sunday, 28th July 2024, 3:13 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ റാവൂസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. കോച്ചിങ് സെന്ററിന് നേരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചിരിക്കുകയാണ്. ദല്‍ഹി പൊലീസിനെതിരെ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് പ്രതിഷേധം.

ഉപരോധത്തെ തുടര്‍ന്ന് ദല്‍ഹിയിലെ കരോള്‍ബാഗ് റോഡില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലിന്റെ ആവശ്യമില്ലെന്നും മുതലെടുപ്പിനായി ആരും ദല്‍ഹിയിലേക്ക് വരേണ്ടതില്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെതിരെ വിദ്യാര്‍ത്ഥികള്‍ നേരത്തെ പ്രതിഷേധിക്കുകയുണ്ടായി. ദല്‍ഹി പി.സി.സി അധ്യക്ഷന്‍ ദേവേന്ദ്ര യാദവിന് നേരെ വിദ്യാര്‍ത്ഥികള്‍ കൂകിവിളിക്കുകയും വെള്ള കുപ്പികള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കുന്നത്.

നിലവില്‍ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ രണ്ട് പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തിന്റെ ഉടമയും കോച്ചിങ് സെന്ററിന്റെ കോര്‍ഡിനേറ്ററുമാണ് അറസ്റ്റിലായിരിക്കുന്നത്.

ഓടകള്‍ വൃത്തിയാകാത്തതാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടങ്ങിയത്. നടപടി എടുക്കാത്തപക്ഷം പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ശനിയാഴ്ച രാത്രിയാണ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചത്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനാണ് മരിച്ച മലയാളി. മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ ഉത്തര്‍പ്രദേശ്, തെലങ്കാന സ്വദേശികളുമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദല്‍ഹി റവന്യൂ മന്ത്രി അതിഷി ചീഫ് സെക്രട്ടറി നരേഷ് കുമാറിന് നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.

Content Highlight: Protests are intensifying in the incident of students drowning in the Raous Coaching Center in Delhi