ന്യൂദല്‍ഹി: സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ടിങ് നയം പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബീഹാറിലും രാജസ്ഥാനിലും ഹരിയാനയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്.
ബീഹാറില്‍ ട്രെയിന്‍ ബോഗിക്ക് തീയിട്ടും റോഡ് ഉപരോധിച്ചുമാണ് യുവാക്കള്‍ പ്രതിഷേധിക്കുന്നത്.
എം.പിമാരുടെ ദല്‍ഹിയിലെ വീടുകള്‍ കേന്ദ്രീകരിച്ചും പ്രതിഷേധം നടക്കുന്നുണ്ട്.
നാല് വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം തങ്ങള്‍ എന്ത് ചെയ്യണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കെ കേന്ദ്രം യുവാക്കളെ വിഡ്ഢികളാക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ പ്രതിഷേധം അരങ്ങേറുന്നത്.
ഇന്ത്യയുടെ സൈനിക സേവനത്തിലേക്ക് യുവാക്കളെ എത്തിക്കാനുള്ള പദ്ധതിയാണ് അഗ്‌നിപഥ്.
17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള 45,000 യുവാക്കളെ നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ ചേര്‍ക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി.
ഈ കാലയളവില്‍ അവര്‍ക്ക് 30,000-40,000 രൂപ ശമ്പളവും അലവന്‍സുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സും നല്‍കും.
നാല് വര്‍ഷത്തിനു ശേഷം ഈ സൈനികരില്‍ 25 ശതമാനത്തെ നിലനിര്‍ത്തും. അവര്‍ 15 വര്‍ഷം നോണ്‍ ഓഫീസര്‍ റാങ്കുകളില്‍ തുടരും.
ശേഷിക്കുന്നവര്‍ക്ക് 11-12 ലക്ഷം രൂപയ്ക്ക് ഇടയിലുള്ള പാക്കേജ് നല്‍കി ജോലിയില്‍ നിന്നും പിരിച്ചുവിടും. ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുകയില്ല.
Content Highlights: Protests are intensifying against the Centre’s Agneepath project, which has announced a new recruitment policy for the army