| Monday, 18th July 2022, 8:17 am

റമ്മി കളിയിലൂടെ ആത്മഹത്യകള്‍ വര്‍ധിക്കുന്നു; പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ ബഹിഷ്‌കരണ ക്യാമ്പയിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ പ്രതിഷേധം. ഓണ്‍ലൈന്‍ റമ്മികളി നിരവധിപേരെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പരാതികള്‍ ഉയര്‍ന്നതോടെയാണ് പ്രചാരകരാവുന്ന നടീ നടന്മാര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നത്. പണംവെച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി വീണ്ടും നിരോധിക്കാന്‍ സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് നടപടികളാരംഭിച്ചിട്ടുണ്ട്.

നടനും സംവിധായനുമായ ലാല്‍, ഗായകരായ വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവര്‍ക്കെതിരെയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാടസ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം ഉയരുന്നത്.

യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഓണ്‍ലൈന്‍ റമ്മികളിയുടെ പ്രചാരകരാവുന്നതില്‍ നിന്ന് പിന്മാറണമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇവര്‍ക്കെതിരെ ബഹിഷ്‌കരണ ക്യാമ്പയിനുകളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.

ലാല്‍ അഭിനയിച്ച ‘8,850 രൂപ സ്വാഗത ബോണസ്’ ലഭിക്കുമെന്നുള്ള ഫേസ്ബുക്കിലെ റമ്മി പരസ്യത്തിന്റെ കമന്റ് ബോക്‌സില്‍ റമ്മികളിയില്‍ ജീവന്‍ നഷ്ടമായവരുടെ വാര്‍ത്തകള്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. ദിവസവും പത്ത് ലക്ഷംവരെ നേടാമെന്ന് വാഗ്ദാനം ചെയ്താണ് വിദ്യാര്‍ഥികളടക്കമുള്ളവരെ കമ്പനികള്‍ റമ്മി കളിയിലേക്ക് ആകര്‍ഷിക്കുന്നത്.

ചൂതാട്ടത്തിന്റെ പ്രചാരകരാവുന്ന കായികതാരങ്ങള്‍, ഇതര ഭാഷകളിലെ നടീനടന്മാര്‍ എന്നിവര്‍ക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്.

അതേസമയം റമ്മി പരസ്യത്തില്‍ അഭിനയിച്ച കൊച്ചിയിലെ മത്സ്യതൊഴിലാളി ഓണ്‍ലൈന്‍ റമ്മി കളിച്ച് കാശുകാരനായിട്ടില്ലെന്നും ആരും കളിക്കരുതെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തുവന്നിരുന്നു. ആത്മഹത്യകള്‍ വര്‍ധിക്കുകയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയും ചെയ്തതോടെയാണ് ഇയാള്‍ റമ്മി കളിക്കെതിരെ രംഗത്ത് വന്നത്. കൊവിഡ് കാലത്താണ് ഓണ്‍ലൈന്‍ റമ്മികളി സംസ്ഥാനത്ത് സജീവമായത്.

ലക്ഷക്കണക്കിനാളുകള്‍ ഭാഗമായ റമ്മി കളിയില്‍ ഓരോ ദിവസവും കോടികളാണ് മറിയുന്നത്. ഇതിനടിമപ്പെട്ട് മരിച്ചവരില്‍ 40 ലക്ഷം നഷ്ടമായ മാധ്യമ പ്രവര്‍ത്തകനും വീട്ടമ്മയുമെല്ലാമുണ്ടെന്നും പൊലീസ് പറയുന്നു. 2021 ഫെബ്രുവരിയില്‍ പണംവെച്ചുള്ള റമ്മികളി സംസ്ഥാനത്ത് സര്‍ക്കാര്‍ നിരോധിച്ചെങ്കിലും നടത്തിപ്പുകാരായ കമ്പനി കോടതിയെ സമീപിച്ചതോടെ നിരോധനം റദ്ദാവുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തിനടിമകളായി നിരവധിപേര്‍ ആത്മഹത്യ ചെയ്തതോടെയാണ് സര്‍ക്കാര്‍ തലത്തില്‍ വീണ്ടും കളി നിരോധന നീക്കം ഊര്‍ജിതമാക്കിയത്.

ലക്ഷങ്ങള്‍ നഷ്ടമായെന്നും യുവതീയുവാക്കള്‍ വിഷാദത്തിലായെന്നും ചൂണ്ടിക്കാട്ടി നിരവധി പരാതി ലഭിച്ചതോടെ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് റമ്മി നിരോധനം സംബന്ധിച്ച ശിപാര്‍ശ ആഭ്യന്തരവകുപ്പിന് നല്‍കുകയായിരുന്നു. ഈ ഫയലിപ്പോള്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്. 1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്ഷന്‍ -മൂന്നില്‍ ഭേദഗതി വരുത്തി നിരോധിക്കാനാണിപ്പോള്‍ ആലോചന. ഇതിനകം സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഇരുപത് പേര്‍ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമപ്പെട്ട് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ കണക്ക്.

Content Highlight: Protests against stars appearing in online rummy ads

We use cookies to give you the best possible experience. Learn more