| Saturday, 10th February 2018, 4:00 pm

കുടിവെള്ളം പോലും മുട്ടിക്കുന്ന മാലിന്യം- പെരിയാറിന്റെ തീരത്ത് സമരം ശക്തമാകുന്നു

എ പി ഭവിത

ഏറണാകുളം ജില്ലയിലെ കോതമംഗലം കവളങ്ങാട് പഞ്ചായത്തില്‍ പെരിയാര്‍
മലിനീകരണത്തിനെതിരെ സമരം ശക്തമാകുകയാണ്. ഭൂതത്താന്‍കെട്ട് ഡാമിന്റെ റിസോര്‍വ്വോയറില്‍ പെരിയാര്‍ രൂക്ഷമായ മലിനീകരണ ഭീഷണി നേരിടുന്നത്. വെള്ളം കുടിക്കാനോ മറ്റ് പ്രാഥമികാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയാത്തത്ര മാലിന്യം നിറഞ്ഞിരിക്കുന്നു. വേനല്‍ കടുക്കുമ്പോള്‍ കുടിവെള്ളം പോലും കിട്ടില്ലെന്ന ഘട്ടത്തില്‍ നാട്ടുകാര്‍ കര്‍മ്മ സമിതി രൂപീകരിച്ചിരിക്കുകയാണ്. പ്രദേശവാസികളെ ഉള്‍പ്പെടുത്തി സമരം ശക്തമാക്കുകയാണ്  കര്‍മ്മസമിതിയുടെ ലക്ഷ്യം.

ഡിസംബര്‍ അവസാനത്തോടെയാണ് ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചത്.  കനാല്‍ വഴി വെള്ളം വിടുന്നുണ്ട്. എന്നാല്‍ ഇതിനോട് ചേര്‍ന്ന പ്രദേശത്താണ് പെരിയാര്‍ മലിനമായിരിക്കുന്നത്. ഭൂതത്താന്‍കെട്ടിനും നേര്യമംഗലത്തിനും ഇടയില്‍ മുപ്പത്തിയഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് മലിനമാക്കപ്പെട്ടിരിക്കുന്നത്.

ഭൂതത്താന്‍കെട്ട് അണക്കെട്ട് അടയ്ക്കുന്നതോടെ പെരിയാറില്‍ ഒഴുക്ക് നിലയ്ക്കുന്നു. പിന്നീടാണ് പ്രതിസന്ധി ആരംഭിക്കുന്നത്. കുളിച്ചു കഴിഞ്ഞാല്‍ ശരീരമാകെ എണ്ണപ്പാട പടരുന്നു. രൂക്ഷമായ ഗന്ധമുണ്ട്. ഓയിലും കെമിക്കലും കലര്‍ന്ന മിശ്രിതം പുഴയില്‍ പൊങ്ങിക്കിടക്കുകയാണ്. വേനല്‍ക്കാലം തുടങ്ങുന്നതോടെ പ്രശ്നം ഗുരുതരമാകുകയാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റും പെരിയാര്‍ സംരക്ഷണ സമിതി മുഖ്യരക്ഷാധികാരിയുമായ എ. ജെ. ജോസ് പറയുന്നു.

ഭൂതത്താന്‍കെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന റബ്ബര്‍ ഫാക്ടറിയില്‍ നിന്നും ഒഴുക്കി വിടുന്ന മാലിന്യമാണ് പ്രശ്നത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. എല്ലാ വര്‍ഷവും ഇത് ചൂണ്ടിക്കാട്ടി സമരം നടക്കാറുമുണ്ട്. എന്നാല്‍ നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി.

പുഴ നിറയെ റബ്ബര്‍ അവശിഷ്ടങ്ങളാണ്. ഒട്ടുപാലില്‍ നിന്നും റബര്‍ വേര്‍തിരിച്ചെടുക്കുന്ന കമ്പനിയാണിത്. രാത്രി ഒഴുക്കി വിടുന്ന മാലിന്യം പുഴയില്‍ പൊങ്ങിക്കിടക്കുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് സമരസമിതി നേരത്തെ കമ്പനിയില്‍ നിന്നും പുഴയിലേക്ക് മാലിന്യം തള്ളുന്ന പൈപ്പ് തകര്‍ത്തിരുന്നു. പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന കമ്പനിയില്‍ മലിനവെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റില്ല. ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ കൂടുതലുള്ള ഇവിടെ 3 ഷിഫ്റ്റില്‍ ഇരുനൂറ് പേരാണ് ജോലി ചെയ്യുന്നത്.

മാലിന്യം ഒഴുക്കി വിടുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നല്‍കുമെന്ന് സമരസമിതി കണ്‍വീനര്‍ ഇ. എ. ഹനീഫ അറിയിച്ചു. ” ബാസില്‍ കമ്പനിയില്‍ നിന്ന മാലിന്യം ഒഴുക്കി വിടുന്നുവെന്നാണ് നാട്ടുകാരുടെ സംശയം. നോട്ടീസ് നല്‍കുന്നതിനൊപ്പം പുഴയിലെ വെള്ളം പരിശോധിക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടും. പുഴ മലിനമാകുന്നത് കണ്ടു നില്‍ക്കാന്‍ കഴിയില്ല. സമരവുമായി മുന്നോട്ട് പോകും”. ഹനീഫ പറയുന്നു.

പെരിയാറില്‍ ജലനിരപ്പ് താഴുകയും കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാലിന്യ പ്രശ്നവും നേരിടുന്നത്. പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായി എര്‍ണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് ഭൂതത്താന്‍കെട്ടില്‍ നിന്നും വെള്ളം ഒഴുക്കി വിടുന്നുണ്ട്. പുഴയില്‍ പലയിടത്തും നീരൊഴുക്ക് കുറവാണ്. ലോവര്‍ പെരിയാര്‍ വൈദ്യുതി പദ്ധതിക്ക് താഴേക്ക് വെള്ളം എത്തുന്നത് കുറഞ്ഞിട്ടുണ്ട്. രാത്രി മാത്രമാണ് വെള്ളം ഒഴുക്കി വിടുന്നത്. കിണറുകള്‍ വറ്റിത്തുടങ്ങിയതോടെ കുടിവെള്ള പദ്ധതികളെയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. കവളങ്ങാട് പഞ്ചായത്തിലെ പമ്പ് ഹൗസില്‍ നിന്നും വെള്ളം പമ്പു ചെയ്യാനാവാത്തത് മാലിന്യം അടിഞ്ഞിട്ടാണെന്നാണ് സമരസമിതി ആരോപിക്കുന്നത്.

പന്ത്രണ്ട് മണിക്കൂര്‍ വെള്ളം പമ്പ് ചെയ്യാന്‍ കഴിയുന്ന ആവോലിചാലില്‍ ഒരു മണിക്കൂര്‍ പോലും ഇപ്പോള്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് ഹനീഫ പറയുന്നത്. തട്ടേക്കാട് പമ്പ് ഹൗസിലും സമാനമായ പ്രതിസന്ധിയുണ്ട്. ഊഞ്ഞപ്പാറ, കോട്ടപ്പടി കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നില്ല.

പുഴ മലിനമാക്കുന്നതിനെതിരെ പെരിയാറിന്റെ തീരത്ത് വിവിധ മേഖലകളിലായി സമരം നടക്കുന്നുണ്ട്. നേര്യമംഗലത്തെ സമരം തുടങ്ങിയിട്ടും വര്‍ഷങ്ങളായെങ്കിലും വലിയ ശ്രദ്ധ ലഭിച്ചിട്ടില്ല. വേനല്‍ക്കാലത്ത് പ്രശ്നം രൂക്ഷമാകുമ്പോഴാണ് സമരം നടത്തുന്നത്. എന്നാല്‍ മഴക്കാലത്ത് മാലിന്യം ഒഴുകി പോവുമ്പോള്‍ പ്രശ്നവും സമരവും അവസാനിക്കും.

എന്നാല്‍ ഇക്കുറി പതിവ് സമരമല്ലെന്നാണ് സമരസമിതി പറയുന്നത്. പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ സമരം ചെയ്യും.ഭൂതത്താന്‍കെട്ടിലെ ഷട്ടറുകള്‍ വേനല്‍ക്കാലത്ത് അടക്കുമ്പോഴാണ് മാലിന്യ പ്രശ്നം രൂക്ഷമാകുന്നതെങ്കിലും ഭൂതത്താന്‍കെട്ട് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായി ഇനി മഴക്കാലത്തും വെള്ളം തുറന്നു വിടില്ല. ഇതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more