ഫലസ്തീനൊപ്പം ലോകം; ഇസ്രഈലിനെതിരെ പാരീസ് ഒളിമ്പിക്‌സിലും പ്രതിഷേധം കനക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകം പാരീസിലേക്ക് ചുരുങ്ങാന്‍ ഇനി വെറും മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ജൂലൈ 26ന് 33ാം ഒളിമ്പിക്‌സിന് തിരി തെളിയും. പതിനായിരത്തിലധികം അത്‌ലീറ്റുകളാണ് ഇത്തവണ ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്.

ഏറെ പ്രത്യേകതകളാണ് ഇത്തവണത്തെ ഒളിമ്പിക്‌സിനുള്ളത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിന് പുറത്ത് വെച്ച് നടക്കുകയാണ്. സെയ്ന്‍ നദിയിലൂടെയാണ് ഇത്തവണ താരങ്ങളുടെ പരേഡ് നടക്കുക.

 

വര്‍ണാഭമായ ഈ ചടങ്ങിന് സാക്ഷിയാകാന്‍ പതിനായിരക്കണക്കിന് ജനങ്ങളും പാരീസിലെത്തും. എന്നാല്‍ ഈ ജനസഞ്ചയത്തെ സാക്ഷിയാക്കി ഇസ്രഈലിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍. നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനായ എന്‍കോസി സ്വെലിവെലിലെ മണ്ടേലയാണ് ഇക്കൂട്ടത്തിലെ പ്രധാനി.

ഒളിമ്പിക്‌സില്‍ നിന്നും ഇസ്രഈലിനെ വിലക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ലോകമെമ്പാടുമുള്ള ആളുകളോടും സംഘടനകളോടും അപ്പാര്‍ത്തീഡ് ഇസ്രഈലിനെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യന്‍ മാധ്യമമായ ആര്‍.ടി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ലോകമെമ്പാടുമുള്ള ജനങ്ങളോട് ഒളിമ്പിക്‌സ് വേദിയില്‍ ഇസ്രഈലിനെതിരെ നിലപാടെടുക്കാന്‍ ആവശ്യപ്പെട്ടത്.

‘ഞങ്ങള്‍ (ഫലസ്തീന്‍ അനുകൂലികള്‍) ഇന്നിതാ പാരീസിലെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങളോടും ഡോളിഡാരിറ്റി മൂവ്‌മെന്റുകളോടും മറ്റ് സംഘടനകളോടും ഇസ്രഈലിനെ ഒളിമ്പിക്‌സില്‍ നിന്നും വിലക്കുന്നതുമായി ബന്ധപ്പെട്ട് നിലകൊള്ളാന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.

ഈ ഒളിമ്പിക്സില്‍ സയണിസ്റ്റ് കൊള്ളക്കാര്‍ പങ്കെടുക്കുന്നത് തടയാനും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇസ്രഈല്‍ ടീമിലെ 30 അത്‌ലീറ്റുകള്‍ ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ചവരും വംശഹത്യ, വംശീയ ഉന്മൂലനം, യുദ്ധക്കുറ്റങ്ങള്‍ എന്നിവയില്‍ പങ്കാളികളായവരുമാണ്. ഈ കാരണത്താല്‍ അവരെ വിലക്കണമെന്ന് ഞങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടായിരുന്ന അത്‌ലീറ്റുകളും പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും അടക്കം 400ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മണ്ടേല ചൂണ്ടിക്കാട്ടി. ഫലസ്തീനിലെ കായിക മേഖലയെ ഒന്നാകെ അവര്‍ തച്ചുനിരത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊപ്പം ഫലസ്തീന്റെ വിമോചനത്തിനായി പോരാടുന്ന ഹൂത്തികള്‍ക്ക് പിന്തുണയും അദ്ദേഹം അറിയിച്ചു. ഗസയിലെയും അധിനിവേശ ഫലസ്തീനിലെയും സഹോദരങ്ങളെ മോചിപ്പിക്കുന്നതിനായി ഹൂത്തികള്‍ പോരാട്ടം ശക്തമാക്കണമെന്നായിരുന്നു എന്‍കോസി മണ്ടേല പറഞ്ഞത്.

മണ്ടേലക്ക് പുറമെ ഫ്രാന്‍സിലെ ഇടതുപക്ഷ എം.പിയായ തോമസ് പോര്‍ട്ടസും ഇസ്രഈലിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇസ്രഈലിനെ പാരീസ് ഒളിമ്പിക്‌സിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും ഒളിമ്പിക് ഗെയിമുകളില്‍ പങ്കെടുക്കുന്ന ഇസ്രഈലിനെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

ഗസയിലെ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രഈലിനെ പ്രതിനിധീകരിച്ച് പാരീസിലേക്ക് എത്തുന്നവര്‍ക്കെതിരെ അണിനിരക്കണമെന്നും തോമസ് പോര്‍ട്ടസ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്.

പ്രതിഷേധം കനത്തതോടെ തന്റെ ഭാഗം വിശദീകരിച്ച് പോര്‍ട്ടസും രംഗത്തെത്തി. ഇസ്രഈലി അത്‌ലീറ്റുകളെ ഒരിക്കലും താന്‍ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ഒളിമ്പിക്സ് ഇവന്റുകളില്‍ ഇസ്രഈല്‍ പതാകയും ദേശീയ ഗാനവും അനുവദിക്കാതിരിക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ ഒളിമ്പിക്‌സ് കമ്മിറ്റി ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും തോമസ് പോര്‍ട്ടസ് ചൂണ്ടിക്കാട്ടി.

വിവാദത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടും വലതുപക്ഷ നേതാക്കള്‍ ഇടതുപക്ഷത്തെയും പോര്‍ട്ടസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമണം തുടരുകയാണ്.

ഇടത് എം.പിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ രംഗത്തെത്തിയിരുന്നു. പോര്‍ട്ടസിന്റെ പരാമര്‍ശങ്ങളില്‍ വെറുപ്പ് തോന്നുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇസ്രഈലി അത്‌ലീറ്റുകള്‍ക്ക് ഫ്രഞ്ച് എലീറ്റ് ഫോഴ്സ് 24 മണിക്കൂറും സംരക്ഷണം നല്‍കുമെന്നും ഡാര്‍മിന്‍ പറഞ്ഞു.

ഇസ്രഈലി പ്രതിനിധികളെ ഒളിമ്പിക്സിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ സെജോര്‍ണും പ്രതികരിക്കുകയുണ്ടായി.

 

 

Content highlight: Protests against Israel at the Paris Olympics