പാരിസ്: രാജ്യത്തെ വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ള ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി ലക്ഷങ്ങള്‍. പത്ത് ലക്ഷത്തിലധികം പേരാണ് പ്രതിഷേധസമരത്തില്‍ കഴിഞ്ഞദിവസം പങ്കുചേര്‍ന്നതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പത്ത് ലക്ഷത്തിലധികമാളുകള്‍ പ്രതിഷേധങ്ങളിലും പണിമുടക്കുകളിലും പങ്കെടുത്തിട്ടുണ്ട്.
ഏകദേശം 80,000 പേര്‍ തലസ്ഥാനമായ പാരിസിലെ തെരുവുകളില്‍ പ്രതിഷേധിച്ചുവെന്നും മറ്റ് 200 ഫ്രഞ്ച് നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടക്കുന്നുണ്ടെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസമാദ്യം പ്രധാനമന്ത്രി പുറത്തുവിട്ട പദ്ധതിയുടെ ഔട്ട്‌ലൈന്‍ പ്രകാരം, 2027 മുതല്‍ പൂര്‍ണപെന്‍ഷന് യോഗ്യത നേടണമെങ്കില്‍ ആളുകള്‍ക്ക് 43 വര്‍ഷം ജോലി ചെയ്യേണ്ടിവരും, നിലവില്‍ അത് 42 വര്‍ഷമാണ്.
എന്നാല്‍ പരിഷ്‌കാരങ്ങള്‍ ‘നീതിയും ഉത്തരവാദിത്തവു’മുള്ളതാണെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതികരണം.
അതിനിടെ പദ്ധതിക്കെതിരെ വ്യാഴാഴ്ച നടന്ന ജനകീയ പ്രതിഷേധം ട്രെയിന്‍-ഫ്‌ളൈറ്റ് സര്‍വീസുകള്‍, ഗതാഗതം, സ്‌കൂളുകള്‍, ബിസിനസുകള്‍ എന്നിവ സ്തംഭിപ്പിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. പണിമുടക്ക് പൊതുഗതാഗതത്തെ സാരമായി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധി സ്‌കൂളുകളും അടച്ചിട്ടു.