ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈ സന്ദര്‍ശിക്കാനിരിക്കെ കരിങ്കൊടികളുമായി ഗോബാക്ക് വിളികളുമായി തമിഴ്‌നാട് ജനത. ചെന്നൈ എയര്‍പോര്‍ട്ടിനു സമീപത്തും മറ്റു റോഡുകളിലും കരിങ്കൊടിയുമായി നിരവധി പേരാണ് പ്രതിഷേധിക്കുന്നത്.
ചെന്നൈ എയര്‍പോര്‍ട്ടിനു പുറത്തുള്ള വലിയ ഹോര്‍ഡിങ്ങില്‍ കയറിയ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി റോഡു വഴിയുള്ള യാത്ര ഒഴിവാക്കിയിരുന്നു. അദ്ദേഹം ഹെലികോപ്റ്ററിലാണ് സഞ്ചരിക്കുന്നത്.
ഇതോടെ കറുത്ത നിറത്തിലുള്ള ബലൂണുകളും അവയില്‍ കെട്ടിയിട്ട കറുത്ത തുണികളും പറത്തിവിട്ടും ഒരു വിഭാഗം പ്രതിഷേധിച്ചു.
സോഷ്യല്‍ മീഡിയകളിലും പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഗോബാക്ക് മോദിയെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്റായിരിക്കുകയാണ്. 130000ത്തിലേറെ ട്വീറ്റുകളാണ് ഉച്ചയാകുമ്പോഴേക്കും ഈ ഹാഷ്ടാഗില്‍ വന്നിരിക്കുന്നത്.
പ്രധാനമന്ത്രിയ്‌ക്കെതിരെ കരിങ്കൊടിയുയര്‍ത്തുമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനാണ് ആദ്യം പ്രഖ്യാപിച്ചത്. മോദിയുടെ സന്ദര്‍ശന ദിനം ദു:ഖദിനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡി.എം.കെ നേതാവ് കരുണാനിധിയുടെയും സ്റ്റാലിന്റെയും വീട്ടില്‍ ഇതിനകം തന്നെ കരിങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്.
ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള ഡിഫന്‍സ് എക്‌സ്‌പോയിലേക്ക് മോദി ഹെലികോപ്റ്ററിലെത്തും. അതിനുശേഷം അദ്ദേഹം അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു വ്യോമമാര്‍ഗം പോകും. മോദിക്ക് പറന്നെത്താനുള്ള സൗകര്യത്തിനായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ചില്‍ഡ്രന്‍സ് പാര്‍ക്കിനുമിടയിലുള്ള മതില്‍ പൊളിച്ചിട്ടുണ്ട്. ഐ.ഐ.ടി മദ്രാസ് ക്യാമ്പസില്‍ അധികൃതര്‍ ഒരു ഹെലിപാട് ഒരുക്കുകയും ചെയ്തിട്ടുണ്ട്.