ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ലണ്ടന്‍ പാര്‍ലമെന്റ് ചത്വരത്തില്‍ ത്രിവര്‍ണ പതാക കീറി. മോദി വെസ്റ്റ്മിന്‍സ്റ്ററില്‍ ഇന്ത്യന്‍ ജനവിഭാഗത്തെ അഭിസംബോധന ചെയ്തുസംസാരിക്കവെയായിരുന്നു സംഭവം.
ബ്രിട്ടീഷ് പാര്‍ലമെന്റിലും ഡൗണിങ് സ്ട്രീറ്റിലും നൂറുകണക്കിന് പ്രക്ഷോഭകരാണ് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി മോദിയ്‌ക്കെതിരെ പ്രതിഷേധിച്ചത്. മോദി ഗോബാക്ക് എന്നെഴുതിയ ബാനറുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം. ഇതിനിടയിലാണ് ഇന്ത്യന്‍ പതാക കീറിയത്.
സംഭവം വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്. “ഞങ്ങളുടെ ദേശീയ പതാകയുമായി ബന്ധപ്പെട്ട് നടന്ന ഈ സംഭവം ഏറെ വേദനിപ്പിക്കുന്നു.” വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
“വിഷയം യു.കെയുടെ ഭാഗത്തുനിന്നും ഗൗരവമായി എടുത്തിട്ടുണ്ട്. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും പതാക പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പങ്കുള്ളവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.” എന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം അറിഞ്ഞയുടന്‍ ഹൈക്കമ്മീഷണര്‍ യശ്‌വര്‍ധന്‍ കുമാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യു.കെ ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പറഞ്ഞു.
“സമാധാനപരമായ പ്രതിഷേധം നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും പാര്‍ലമെന്റ് ചത്വരത്തില്‍ ചിലര്‍ നടത്തിയ പ്രവൃത്തികളില്‍ ഞങ്ങള്‍ നിരാശരാണ്.” എന്നും അദ്ദേഹം പറഞ്ഞു.