| Thursday, 25th July 2024, 1:29 pm

നെതന്യാഹുവിന്റെ യു.എസ് സന്ദർശനം; യു.എസ് പതാക കത്തിച്ച് ഫലസ്തീൻ അനുകൂല പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: യു.എസ് കോൺഗ്രസിന് മുന്നിൽ പതാകയുയർത്തി ഫലസ്തീൻ അനുകൂല പ്രതിഷേധം. ബുധനാഴ്ചയാണ് യു.എസ് കോൺഗ്രസിന് സമീപം പ്രതിഷേധക്കാർ പലസ്തീൻ പതാക ഉയർത്തിയത്. പ്രതിഷേധക്കാർ യു.എസ് പതാക കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ യു.എസ് സന്ദർശനത്തെ അപലപിച്ചാണ് ആയിരകണക്കിന് വരുന്ന ആളുകൾ പ്രതിഷേധത്തിനെത്തിയത്. നെതന്യാഹു കോൺഗ്രസിനെ അഭിസംബോധന ചെയ്തതിന് പിന്നാലെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും പ്രതിഷേധം നടന്നു. അവരിൽ പലരും നെതന്യാഹു താമസിച്ചിരുന്ന ഹോട്ടലിന് പുറത്ത്  മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യക്ക് യു.എസ് നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ചാണ് ആളുകൾ ഒത്തുകൂടിയത്. ഗസയിലെ വംശഹത്യ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, അതിനു വേണ്ടി ഇസ്രഈലിന് മേൽ സമ്മർദം ചെലുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ നെതന്യാഹുവിൻ്റെ കോലം കത്തിച്ചു

വൈറ്റ് ഹൗസും യു.എസ് കോൺഗ്രസും ഉൾപ്പെടെ നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ കെട്ടിടങ്ങൾക്കും ഓഫീസുകൾക്കും ചുറ്റും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. യു.എസ് ക്യാപിറ്റോളിന് പുറത്ത്, പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.

പ്രതിഷേധം ശക്തമായതോടെ പൊലീസ് ബലപ്രയോഗം നടത്തുകയും ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ 23 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്‌.

അമേരിക്കയിലുടനീളം ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇസ്രഈലിനുള്ള അമേരിക്കയുടെ പിന്തുണയിൽ പ്രതിഷേധിച്ച് നിരവധി പേരാണ് ദിവസവും രാജ്യത്ത് സമരം ചെയ്യുന്നത്. ഇസ്രഈൽ ഗാസയിൽ നടത്തിയ അക്രമണകളിൽ ഇതുവരെ 39000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.

Content Highlight: Protestors raise Palestinian flag, burn US flag near Congress

We use cookies to give you the best possible experience. Learn more