ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്ത് പ്രതിഷേധക്കാര്‍; വീഡിയോ
World News
ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്ത് പ്രതിഷേധക്കാര്‍; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th July 2022, 3:20 pm

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ വസതിയില്‍ നിന്നും പ്രതിഷേധക്കാര്‍ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്.

പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിയിലിരുന്ന് കറന്‍സി നോട്ടുകള്‍ എണ്ണുന്നതായി അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്രീലങ്കന്‍ മാധ്യമമായ ഡെയ്‌ലി മിറര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

 

റിപ്പോര്‍ട്ട് പ്രകാരം കണ്ടുകെട്ടിയ തുക പ്രതിഷേധക്കാര്‍ സെക്യൂരിറ്റി യൂണിറ്റിന് കൈമാറിയിട്ടുണ്ട്. സ്ഥിതിഗതികള്‍ അന്വേഷിച്ച ശേഷം വേണ്ട നടപടിയെടുക്കുമെന്ന് അധികൃതര്‍ പ്രതികരിച്ചു.

ശനിയാഴ്ചയായിരുന്നു നൂറുകണക്കിന് വരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ സെന്‍ട്രല്‍ കൊളംബോയിലെ വസതിയിലേക്ക് ഇരച്ചുകയറിയത്. സുരക്ഷാ സേനകളുടെ എല്ലാ പ്രതിരോധവും മറികടന്ന് ബാരിക്കേഡുകള്‍ തകര്‍ത്താണ് പ്രക്ഷോഭകര്‍ ഗെയ്റ്റ് കടന്ന് വസതിയിലേക്ക് പ്രവേശിച്ചത്. ഗോതബയയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം.

 

ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകര്‍ രജപക്സെ കഴിഞ്ഞിരുന്ന മുറികളിലടക്കം കടന്ന് സാധനങ്ങള്‍ തല്ലിതകര്‍ത്തിരുന്നു. ഇതിനിടെ പ്രക്ഷോഭകര്‍ വസതിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

കൊളംബോയില്‍ കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ആയിരങ്ങള്‍ പ്രകടനമായി പ്രസിഡന്റിന്റെ വസതിയിലെത്തിയത്.

അതേസമയം, ഗോതബയ ബുധനാഴ്ച രാജിവെക്കുമെന്ന് സ്പീക്കറെ അറിയിച്ചതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് രാജ്യം വിട്ടെന്ന തരത്തില്‍ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജി വിവരവും പുറത്തുവന്നത്.

 

ഗോതബയ നിലവില്‍ എവിടെയാണ് ഉള്ളതെന്ന് വ്യക്തമല്ല.

പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേരത്തെ തന്നെ രാജി വെച്ചിരുന്നു. ടൂറിസം മന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടോ തൊഴില്‍ വകുപ്പ് മന്ത്രി മാനുഷ നനയക്കര എന്നിവര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 

രാജിക്ക് പിന്നാലെ റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകര്‍ തീകൊളുത്തിയിരുന്നു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയായിരുന്നു വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.

നിലവില്‍ 51 ബില്യണ്‍ ഡോളറാണ് ശ്രീലങ്കയുടെ ആദ്യ വിദേശകടം.

Content Highlight: Protestors find millions in cash at Sri Lankan President Gotabaya Rajapaksa’s mansion, video goes viral