| Friday, 18th March 2016, 11:57 pm

മനുഷ്യസംഗമം പ്രവര്‍ത്തകരെ മര്‍ദിച്ചതിനെതിരെ പോലീസ് സ്‌റ്റേഷന് മുന്നില്‍ പാട്ടുപാടി പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മനുഷ്യസംഗമം സാംസ്‌കാരിക കൂട്ടായ്മ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് തൃശൂര്‍ അയ്യന്തോള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ജനകീയ പ്രതിഷേധം. പോലീസ് മര്‍ദ്ദനത്തിനിരയായ ഗായകന്‍ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രതിരോധ ഗാനങ്ങള്‍ അവതരിപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സാറാ ജോസഫ് ഉള്‍പ്പടെ  തൃശൂരിലെ സാംസ്‌കാരിക വിവിധ പ്രവര്‍ത്തകരും പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പരിപാടിയില്‍ പങ്കാളികളായി.

കഴിഞ്ഞ ദിവസമാണ് മനുഷ്യസംഗമം പരിപാടിയുടെ സംഘാടകരായ ഊരാളി ബാന്റിലെ ഗായകന്‍ മാര്‍ട്ടിന്‍ ജോണ്‍, കഥാകൃത്തും, സാമൂഹ്യപ്രവര്‍ത്തകനുമായ ലാസര്‍ഷൈന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ അജിലാല്‍ എന്നിവരെ പൊലീസ് മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തത്.

വൈകീട്ട് ലാലൂരില്‍ നടന്നു പോകുമ്പോളാണ് മാര്‍ട്ടിനെ പോലീസ് വിളിച്ചുനിര്‍ത്തി ചോദ്യം ചെയ്യുകയും സ്റ്റേഷനിലേക്കു കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തത്. പരിക്കേറ്റ മാര്‍ട്ടിനെ അഡ്മിറ്റു ചെയ്യാന്‍ തയ്യാറാവാത്ത മെഡിക്കല്‍ കോളജ് അധികൃതരുടെ നിലപാടിനെ ചോദ്യം ചെയ്ത ലാസര്‍ ഷൈനിനെയും അജിലാലിനെയും പോലീസ് മര്‍ദ്ദിക്കുകയായിരുന്നു.

അജിലാലിന്റെ കൈ പോലീസ് വലിച്ചൊടിച്ചു. രോഗിയുടെ കൂടെവന്നയാളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ അജിലാലിനെ വെറുതെവിടുകയും ലാസന്‍ഷൈനിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാത്രിവൈകിയാണ് ലാസര്‍ ഷൈനിനെ വിട്ടയച്ചത്. പോലീസുകാരെ ആക്രമിച്ചുവെന്നാരോപിച്ച് ലാസര്‍ ഷൈനിനെതിരെ കേസെടുത്തിരുന്നു.

പോലീസ് ഇടപെടല്‍ കാരണമാണ് മെഡിക്കല്‍  കോളേജില്‍ മാര്‍ട്ടിനെ അഡ്മിറ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതെന്നാണ് മനുഷ്യസംഗമം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പൊലീസിന്റെ വീഴ്ച മറച്ചുവെക്കാനാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.


ഫോട്ടോ: ഷഫീഖ് താമരശ്ശേരി


We use cookies to give you the best possible experience. Learn more