പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്; വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി
Daily News
പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്; വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th August 2015, 8:20 am

Pune-Film-Instituteന്യൂദല്‍ഹി: പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സീരിയല്‍ നടന്‍ ഗജേന്ദ്രചൗഹാനെ നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. ദല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും കോണ്‍ഗ്രസ്, ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തിയിരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് നാല് മണിയോടെ ആരംഭിച്ച മാര്‍ച്ച് പോലീസ് വഴിയില്‍ തടഞ്ഞു.

ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റണം എന്നത് മാത്രമല്ല, വ്യവസ്ഥാനുസൃതമായ മാറ്റങ്ങളാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മുഴുവന്‍ ബോര്‍ഡും നവീകരിക്കപ്പെടണം. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

അതേസമയം ഗജേന്ദ്ര ചൗഹാനെ നീക്കുവാനുള്ള യാതൊരു ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. തങ്ങള്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വിഷയം രാഷ്ട്രീയ വത്കരിക്കുന്നതിനോട് താല്‍പര്യമില്ലെന്നുമാണ് വാര്‍ത്താ വിനിമയ മന്ത്രാലയം സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ വിഷയത്തോട് പ്രതികരിച്ചത്.

ഗജേന്ദ്ര ചൗഹാന്‍ വിഷയത്തില്‍ ഒന്നരമാസത്തോളമായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. സമരം തുടര്‍ന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബോളിവുഡിന് കൈമാറുമെന്നും സര്‍ക്കാര്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവരെ പുറത്താക്കുമെന്ന ഭീഷണി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരും മുഴക്കിയതോടെയാണ് പ്രതിഷേധ സമരംം വിദ്യാര്‍ത്ഥികള്‍ തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.