| Friday, 25th December 2020, 7:04 pm

പഞ്ചാബില്‍ ഹോട്ടലിലെത്തിയ ബി.ജെ.പി നേതാക്കളെ ഘരാവോ ചെയ്ത് കര്‍ഷകര്‍; നേതാക്കളെ പിന്‍വാതിലിലൂടെ പുറത്തെത്തിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭാഗ്‌വാര: പഞ്ചാബിലെ ഭാഗ്‌വാരയിലെ ഹോട്ടലില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനാഘോഷങ്ങള്‍ക്കായെത്തിയ ബി.ജെ.പി നേതാക്കളെ ഘരാവോ ചെയ്ത് കര്‍ഷക സംഘടനകള്‍.

ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടി കര്‍ഷകര്‍ നേതാക്കളെ ഹോട്ടലിന് പുറത്തേക്ക് വിടില്ലെന്ന് പറഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ഹോട്ടലിനുള്ളിലേക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും പുറത്തേക്ക് വിടില്ലെന്ന് സംഘടന നേതാക്കളായ കിര്‍പാല്‍ സിംഗ് മുസ്സാപൂര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പിന്നിലെ വാതിലിലൂടെ പൊലീസ് പുറത്തേക്ക് എത്തിക്കുകയായിരുന്നു. ബി.ജെ.പി ജില്ലാ, ബോക്ക് പ്രസിഡന്റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിംഗ്, മുന്‍ മേയര്‍ അരുണ്‍ ഖോസ്‌ല എന്നിവരും ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

അതേസമയം ഹോട്ടല്‍ നടത്തുന്നത് ഒരു ബി.ജെ.പി പ്രവര്‍ത്തകനാണെന്നും ഇനി മുതല്‍ ഈ ഹോട്ടല്‍ ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നും സംഘടന നേതാക്കള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് കര്‍ഷകര്‍ ഹോട്ടലിനു മുന്നില്‍ പ്രതിഷേധം നടത്തിയത്.

അതേസമയം കര്‍ഷക സമരം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കായുള്ള പുതിയ ധനസഹായ പാക്കേജായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി വഴി രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്കായി 18000 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളൊന്നും വിജയിക്കാതെ വന്നതോടെയാണ് കിസാന്‍ സമ്മാന്‍ നിധിയിലൂടെ കര്‍ഷകര്‍ക്ക് ധനസഹായം എത്തിക്കാനുള്ള പുതിയ നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്.

അതേസമയം കര്‍ഷക പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തെ പഴിചാരിയും മോദി രംഗത്തെത്തിയിരുന്നു. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം.

‘കേരളത്തില്‍ നിന്നും ചിലര്‍ സമരം ചെയ്യാനായെത്തുന്നുണ്ട്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരാണ്. കേരളത്തില്‍ എന്തുകൊണ്ട് എ.പി.എം.സി നിയമമില്ല? അവിടെ എന്തുകൊണ്ട് എ.പി.എം.സിയും മണ്ഡിയും നടപ്പാക്കുന്നില്ല. അതുകൊണ്ട് ഇത് രാഷ്ട്രീയം കലര്‍ത്തിയുള്ള സമരമാണ്’, മോദി പറഞ്ഞു.

ഇടതുപക്ഷം നടത്തുന്നത് ഇവന്റ് മാനേജ്‌മെന്റാണ്. ബംഗാളിലെ കര്‍ഷകര്‍ എന്തുകൊണ്ട് സമരം ചെയ്തില്ല? കര്‍ഷകരുടെ പേരില്‍ സമരം നടത്തുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Protesting Farmers Gherao BJP Leaders In Punjab Hotel

We use cookies to give you the best possible experience. Learn more