വേനലെത്തി, ചുട്ടു പൊള്ളുന്നത് മോദി സര്‍ക്കാര്‍ കാണില്ല; ദല്‍ഹിയില്‍ റോഡരികില്‍ കര്‍ഷകര്‍ കുടില്‍കെട്ടുന്നു
national news
വേനലെത്തി, ചുട്ടു പൊള്ളുന്നത് മോദി സര്‍ക്കാര്‍ കാണില്ല; ദല്‍ഹിയില്‍ റോഡരികില്‍ കര്‍ഷകര്‍ കുടില്‍കെട്ടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th March 2021, 12:46 pm

ന്യൂദല്‍ഹി: കടുത്ത ശൈത്യത്തെയും, കേന്ദ്രത്തിന്റെ ഇന്റര്‍നെറ്റ് ഉപരോധത്തെയും, സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെയുമെല്ലാം ചെറുത്ത് തോല്‍പ്പിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ കുടില്‍കെട്ടി പ്രതിഷേധത്തിലേക്ക്.

കാര്‍ഷിക നിയമത്തിനെതിരെ നൂറ് ദിവസമായി ദല്‍ഹിയില്‍ തിക്രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. വരാനിരിക്കുന്ന വേനല്‍കാലത്തെ അതിജീവിക്കാന്‍ കൂടിയാണ് കര്‍ഷകര്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നത്.

നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയാണ് കുടില്‍ നിര്‍മ്മാണം. കൂലി ഒഴിവാക്കാന്‍ കര്‍ഷകര്‍ തന്നെയാണ് കുടില്‍ കെട്ടുന്നത്. ഇരുപതിനായിരം മുതല്‍ 25,000 രൂപ ചിലവില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്.

ഒരുപാട് സാധനങ്ങള്‍ ഉപയോഗിച്ചല്ല വീട് നിര്‍മ്മാണം. ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

കാലാവസ്ഥ പ്രശ്‌നമായതോടെ ജീവന്‍ നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം. ദല്‍ഹിയിലെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. കടുത്ത വേനലില്‍, പൊള്ളുന്ന ചൂടില്‍ താത്ക്കാലിക ഷെല്‍ട്ടറുകളില്‍ തുടരാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് കര്‍ഷകര്‍ വീട് നിര്‍മ്മിക്കാന്‍ തുടങ്ങിയതെന്ന് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു.

സമരത്തിന്റെ ആദ്യഘട്ടങ്ങളില്‍ പലരും തങ്ങളുടെ ട്രാക്ടറുകളില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. പക്ഷേ കൊയ്ത്തുകാലം വന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ പലര്‍ക്കും ട്രാക്ടറുകള്‍ ഗ്രാമത്തിലേക്ക് തിരിച്ചെത്തിക്കേണ്ടതായി വന്നു.

സര്‍ക്കാരുമായി പത്തിലധികം തവണ ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകരുടെ പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. പുതിയ ചര്‍ച്ചകള്‍ നടന്നിട്ടുമില്ല. മാര്‍ച്ച് 26ന് കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: , Protesting Farmers Build Homes By Highway Near Delhi