| Sunday, 20th December 2020, 10:49 pm

കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തു; സമരം തടയാന്‍ കേന്ദ്രത്തിനൊപ്പം ഫേസ്ബുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി പരാതി.

കര്‍ഷകപ്രക്ഷോഭം ലൈവായി കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കര്‍ഷക സംഘടനയായ കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജും ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. ഫേസ്ബുക്ക് കമ്മ്യൂണിറ്റി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്നാരോപിച്ചാണ് പേജുകള്‍ ബ്ലോക്ക് ചെയ്തത്.

ഏഴ് ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തത്.

അതേസമയം, കര്‍ഷക പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്.

കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ ഒരു തരത്തിലും മുന്‍കൈയെടുക്കാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനും പിന്നാലെയുള്ള ട്വീറ്റിനും വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നാണ് കര്‍ഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു.

കര്‍ഷക പ്രതിഷേധം കേന്ദ്രത്തിന്റെ കയ്യിലൊതുങ്ങില്ലെന്ന് മനസ്സിലായതോടെ പ്രതിഷേധിക്കുന്ന സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഈ നീക്കമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും പിന്‍വലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മോദി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കില്‍ അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്.

എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Facebook Removes Farmers Page

We use cookies to give you the best possible experience. Learn more