ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. നാല് കര്‍ഷകരെ കൊലപ്പെടുത്താന്‍ വേണ്ടി അക്രമി സിംഗു അതിര്‍ത്തിയിലെത്തിയതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടസപ്പെടുത്തുന്നതിന് വേണ്ടിയാണ് ഗൂഢാലോചന നടന്നതെന്നും നേതാക്കള്‍ പറഞ്ഞു.
കൊലപ്പെടുത്താനെത്തിയ അക്രമിയെ അര്‍ദ്ധരാത്രിയില്‍ തന്നെ കര്‍ഷക നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയും സംഭവം വിശദീകരിക്കുകയും ചെയ്തു.
ജനുവരി 23 ന് നാല് കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്ന് അക്രമി വെളിപ്പെടുത്തി. ജനുവരി 26 ന് ട്രാക്ടര്‍ റാലിയില്‍ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇയാള്‍ പറഞ്ഞു. അക്രമിയെ കര്‍ഷക നേതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
അതേസമയം, കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാം ഘട്ട ചര്‍ച്ചയും പരാജയത്തില്‍ അവസാനിച്ചു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കേന്ദ്രം പറഞ്ഞു.
ഏറ്റവും കുറഞ്ഞത് ഒരു പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാന്‍ ഉത്തരവിടാമെന്നും നിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. അതോടെ ഈ ചര്‍ച്ചയും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളുടെ തീയതി നിശ്ചയിക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പത്താംഘട്ട ചര്‍ച്ചയില്‍ ഒന്നര വര്‍ഷത്തേക്ക് കാര്‍ഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇത് നിരസിക്കുകയായിരുന്നു.
അതേസമയം റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കര്‍ഷക പ്രതിനിധികള്‍ വ്യക്തമാക്കി. നവംബര്‍ 26നാണ് കര്‍ഷക സമരം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ഇതിനോടകം കര്‍ഷകര്‍ പത്ത് പ്രാവശ്യം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുകയാണ്.
നേരത്തെ കാര്‍ഷിക നിയമം നടപ്പിലാക്കുന്നത് രണ്ട് മാസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് കേന്ദ്രസര്‍ക്കാരുമായുള്ള പത്താം ഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കെത്തിയത്. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.
നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക