ശംഭു അതിർത്തിയിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു
national news
ശംഭു അതിർത്തിയിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 4:29 pm

അംബാല: ശംഭു അതിർത്തിയിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച 55 കാരനായ കർഷകൻ വ്യാഴാഴ്ച പാട്യാല ആശുപത്രിയിൽ വെച്ച് മരിച്ചു. മൂന്നാഴ്ചയ്ക്കിടെ പ്രക്ഷോഭ സ്ഥലത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് കർഷക നേതാക്കൾ പറഞ്ഞു.

തർൻ തരൺ ജില്ലയിലെ പഹുവിന്ദ് സ്വദേശിയായ രേഷാം സിങ് ആണ് ആത്മഹത്യ ചെയ്തത്. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തി പോയിൻ്റിൽ, വിളകൾക്ക് മിനിമം താങ്ങുവില (എം.എസ്.പി ) ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഒരു വർഷത്തോളമായി സമരം നടത്തിവരികയാണ്.

രേഷാം സിങ്ങിനെ പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കർഷകർ പറഞ്ഞു. തങ്ങളുടെ പ്രതിഷേധം നീണ്ടുനിന്നിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിൽ രേഷാം സിങ് അസ്വസ്ഥനായിരുന്നെന്ന് കർഷക നേതാവ് തേജ്വീർ സിങ് പറഞ്ഞു

മറ്റൊരു കർഷകനായ രഞ്ജോദ് സിങ് ഡിസംബർ 18ന് ശംഭു അതിർത്തിയിൽ വെച്ച് ആത്മഹത്യ ചെയ്തു. ഖനൗരി അതിർത്തിയിൽ നവംബർ 26 മുതൽ മരണം വരെ നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ (70) ആരോഗ്യനില വഷളായതും സമരത്തോടുള്ള സർക്കാരിന്റെ നിസംഗതയുമാണ് ആത്മഹത്യക്ക് കാരണമെന്ന് നേതാക്കൾ പറഞ്ഞു.

സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും കീഴിൽ നടത്തിയ ദൽഹിയിലേക്കുള്ള മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടർന്ന് ഫെബ്രുവരി 13 മുതൽ കർഷകർ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിൻ്റുകളിൽ ക്യാമ്പ് ചെയ്യുകയാണ്.

നിരവധി ആവശ്യങ്ങളുന്നയിച്ച് നൂറിലധികം കര്‍ഷകരാണ് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില, കടം എഴുതിതള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനസ്ഥാപിക്കല്‍, വൈദ്യുതി നിരക്ക് വര്‍ധിക്കുന്നത് തുടങ്ങി നിരവധി ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

2021-ലെ ലഖിംപുര്‍ ഖേരി സംഘര്‍ഷം ബാധിച്ചവര്‍ക്ക് നീതിവേണമെന്നും 2020-21 കാലത്തെ കര്‍ഷകസമര കാലത്ത് ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

 

Content Highlight: Protesting farmer attempts suicide at Shambhu border, dies at Patiala hospital