| Sunday, 28th January 2024, 6:21 pm

ഡാവിഞ്ചിയുടെ മൊണാലിസ ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: പാരീസിലെ ഡാവിഞ്ചിയുടെ മൊണാലിസ ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകർ. ലിയനാർഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്ത മാസ്റ്റർപീസ് ചിത്രത്തിന് നേരെയാണ് പരിസ്ഥിതിക പ്രവർത്തകരുടെ ആക്രമണം.

‘ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണം’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് സ്ത്രീകളാണ് പാരീസിലെ ലൂവ്രെ മ്യൂസിയത്തിലുള്ള മൊണാലിസ ചിത്രത്തിന് നേരെ സൂപ്പ് എറിഞ്ഞത്. പക്ഷെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിൽ സൂക്ഷിച്ചതിനാൽ പെയിൻ്റിങിന് കേടുപാടുകൾ ഒന്നും സംഭവിച്ചില്ല.

പരിസ്ഥിതി പ്രവർത്തക ഗ്രൂപ്പായ റിപോസ്റ്റ് അലിമെൻ്റെയറിന്റെ ടീ ഷർട്ടിൽ എഴുതിയ ഫുഡ് റെസ്‌പോൺസുമായി ബന്ധപ്പെട്ട മുദ്രാവാക്യം പ്രവർത്തകരിൽ ഒരാൾ പ്രദർശിപ്പിച്ചു.

പെയിൻ്റിങിനെയും പ്രതിഷേധക്കാരെയും കറുത്ത തുണിയുടെ സ്‌ക്രീനുകൾ കൊണ്ട് മറക്കാൻ ലൂവ്‌റെ ജീവനക്കാർ ശ്രമിച്ചുവെങ്കിലും പ്രതിഷേധത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

2022 മെയ് മാസത്തിലും നേരത്തെ ഇത്തരത്തിൽ പെയിന്റിങ് ആക്രമിക്കപ്പെട്ടിരുന്നു. ആ ആക്രമണത്തിലും കേടുപാടുകൾ സംഭവിച്ചിരുന്നില്ല. ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ട പെയിൻ്റിങ് വളരെക്കാലമായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിൽ സൂക്ഷിക്കുകയാണ്.

കർശനമായ സുരക്ഷാ നിയന്ത്രണങ്ങളുള്ള ഒരു മ്യൂസിയത്തിലേക്ക് എങ്ങനെയാണ് സ്ത്രീകൾക്ക് സൂപ്പ് കടത്താൻ കഴിഞ്ഞത് എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.

12 രാജ്യങ്ങളിലെ വിവിധ പ്രതിഷേധ കൂട്ടായ്മകളുടെ ഭാഗമാണ് റിപോസ്റ്റ് അലിമെൻ്റെയർ എന്ന സംഘടന. Just Stop Oil, Extinction Rebellion എന്നീ സംഘടനകൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്. അതിനുമുമ്പ്, ലണ്ടനിലെ നാഷണൽ ഗാലറിയിലെ വിൻസെൻ്റ് വാൻ ഗോഗിൻ്റെ സൺ ഫ്‌ളവർ ചിത്രത്തിന് മുകളിൽ Just Stop Oil തക്കാളി സൂപ്പ് ഒഴിച്ചിരുന്നു.

Content Highlight: Protesters throw soup at Mona Lisa in Paris

We use cookies to give you the best possible experience. Learn more