| Monday, 3rd June 2019, 11:47 am

വീ ദ നിപ്പിള്‍: സെന്‍സര്‍ഷിപ്പിനെതിരെ ഫേസ്ബുക്ക് ഓഫീസിനു മുന്നില്‍ നഗ്‌നരായി പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സെന്‍സര്‍ഷിപ്പ് നയങ്ങളില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ഫേസ്ബുക്ക് ഓഫീസിന് മുന്നില്‍ നൂറോളം പേര്‍ നഗ്‌നരായി പ്രതിഷേധിച്ചു. കലാപരമായ നഗ്‌നതയുമായി ബന്ധപ്പെട്ട് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിനാണ് ആളുകളുടെ പ്രതിഷേധം.

വീ ദ നിപ്പിള്‍ (#wethenipple) എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം അമേരിക്കന്‍ കലാകാരനായ സ്പെന്‍സര്‍ ട്യൂണിക്കും നാഷണല്‍ കോഅലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും (എന്‍.സി.എ.സി.) ചേര്‍ന്നാണ് സംഘടിപ്പിച്ചത്.

ഞായറാഴ്ച രാവിലെ മുതല്‍ പ്രതിഷേധക്കാര്‍ റോഡില്‍ നഗ്‌നരായി കിടന്ന് പ്രതിഷേധിച്ചു. പുരുഷ മുല ഞെട്ടിന്റെ വലിയ ചിത്രം കൊണ്ട് സ്വകാര്യ ഭാഗങ്ങള്‍ മറച്ചുപിടിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്.

‘ഗ്രാബ് ദെം ബൈ ദ ബാലറ്റ്’ എന്ന വനിതാ സംഘടനയും പ്രതിഷേധ സമരത്തില്‍ പങ്കാളികളായി. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വഴി സ്ത്രീകളുടെ കലാപരമായ നഗ്‌നത സെന്‍സര്‍ ചെയ്യുന്നതിനെ തങ്ങള്‍ വെല്ലുവിളിക്കുകയാണെന്നും വനിതാ സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം, പ്രതിഷേധത്തെ കുറിച്ച് ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ നഗ്‌നത അനുവദിക്കില്ല. ചിലയാളുകള്‍ക്ക് അത്തരം ഉള്ളടക്കങ്ങള്‍ സ്വീകാര്യമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് അത് നിയന്ത്രിക്കുന്നത്.

മുലഞെട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്ക് അധികവും നിരോധിക്കുന്നത്. കലാപരമായി ചിത്രീകരിക്കുന്ന നഗ്‌ന ദൃശ്യങ്ങളും വീഡിയോകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ സമരങ്ങള്‍, ബോധവല്‍ക്കരണം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങി പലകാരണങ്ങളാല്‍ നഗ്‌നത പങ്കുവെക്കപ്പെടുമെന്ന് മനസിലാക്കുന്നുവെന്നും അത്തരം കാരണങ്ങള്‍ വ്യക്തമാണെങ്കില്‍ ആ ഉള്ളടക്കങ്ങള്‍ അനുവദിക്കുമെന്നും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വ്യവസ്ഥകളില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more