| Sunday, 8th September 2024, 9:09 am

വലതുപക്ഷ നേതാവിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തിൽ മക്രോണിനെതിരെ പതിനായിരങ്ങൾ തെരുവിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: മധ്യവലതുപക്ഷക്കാരനായ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിക്കാനുള്ള പ്രസിഡൻ്റ്  ഇമ്മാനുവൽ മാക്രോണിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ജനങ്ങൾ ഫ്രാൻസിലുടനീളം പ്രതിഷേധവുമായി രംഗത്തെത്തി. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ നയത്തിനെതിരെയും അദ്ദേഹത്തിൻ്റെ രാജിക്കുവേണ്ടിയും ഫ്രാൻസിലെ ഇടതുപക്ഷ ശക്തികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായാണിത്. പാരീസിൽ മാത്രം 26 ,000 ത്തിൽ അധികം ആളുകളാണ് റാലിയിൽ പങ്കെടുത്തത്.

ഇടതു പക്ഷ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻ.എഫ്‌.പി) നോമിനേറ്റ് ചെയ്ത പ്രധാനമന്ത്രി ലൂസി കാസ്റ്ററ്റ്‌സിനെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യത്തെ മാനിക്കാതെ ഇമ്മാനുവൽ മാക്രോൺ മധ്യവലതുപക്ഷക്കാരനായ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

193 സീറ്റ് നേടിയ ഇടതുപക്ഷത്തെ അവഗണിച്ച് 47 സീറ്റുകൾ മാത്രം നേടിയ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിഷേൽ ബർണിയരെ സർക്കാരുണ്ടാക്കാൻ മാക്രോൺ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ നിരസിച്ചതിൽ രോഷാകുലരായ ട്രേഡ് യൂണിയനുകളും എൻ.പി.എഫ് അംഗങ്ങളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

പാരീസിലെ 26,000 പേർ ഉൾപ്പെടെ ശനിയാഴ്ച രാജ്യവ്യാപകമായി 1 ,10,000 പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താനുള്ള 289 സീറ്റ് ഒരു കക്ഷിക്കും നേടാനായിരുന്നില്ല. 193 സീറ്റ് നേടിയ ഇടതുപക്ഷമാണ് ഏറ്റവും വലിയ സഖ്യം. ഏറ്റവും വലിയ സഖ്യത്തെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കുന്നതിന് പകരം കുടിയേറ്റ വിഷയത്തിലടക്കം തീവ്രവലതുപക്ഷത്തിൻ്റെ നിലപാടുള്ള ബാർനിയറെ ഏകീകൃത സർക്കാറുണ്ടാക്കാൻ ചുമതലപ്പെടുത്തിയതിൽ മാക്രോണിനെതിരെ വ്യാപക വിമർശനമാണുയരുന്നത്. 166 സീറ്റുകളുള്ള മാക്രോണിൻ്റെ റിനൈസൻസ് പാർട്ടിക്കൊപ്പം ഇടതു സഖ്യത്തിലെ ഫ്രാൻസ് ഇൻ സൗമിസ്, സോഷ്യലിസ്റ്റ് പാർട്ടി ഗ്രീൻസ്, കമ്മ്യുണിസ്റ്റ് പാർട്ടി എന്നിവരും സർക്കാറിൻ്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബാർനിയർ പറഞ്ഞിരുന്നു.

എന്നാൽ ഇതിനോട് ഇടതു സഖ്യം പ്രതികരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ മുന്നിലെത്തിയ ഫാസിസ്റ്റ് കക്ഷിയായ മരീൻലീ പെന്നിൻ്റെ നാഷനൽ റാലിയെ രണ്ടാം ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാൻ ഇടതു പക്ഷത്തിന് സാധിച്ചിരുന്നു. നാഷനൽ റാലിക്ക് 142 സീറ്റ് നേടാനേ കഴിഞ്ഞുള്ളു.

ജൂണിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പാരീസ് ഒളിമ്പിക്സിന്റെ പേരിൽ സർക്കാർ രൂപീകരണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. പാരീസ് ഒളിമ്പിക്സ് കഴിഞ്ഞ് പാരാലിമ്പിക്‌സ്‌ ആരംഭിച്ചിട്ടും സർക്കാർ രൂപവത്കരണം നടത്താൻ യാതൊരു നീക്കവും ഉണ്ടായിരുന്നില്ല. തുടർന്ന് വൻ പ്രതിഷേധം ഉണ്ടാവുകയും പിന്നാലെ മാക്രോൺ മിഷേൽ ബാർണിയറുടെ പേര് നിർദേശിക്കുകയുമായിരുന്നു.

പാരീസിന് പുറമെ നാൻ്റസ്, നൈസ്, മാർസെയിൽ, റെന്നസ്, മറ്റ് പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിൽ വലിയ റാലികൾ നടന്നു. ഇടതു പക്ഷ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻ.എഫ്‌.പി) നോമിനേറ്റ് ചെയ്ത ലൂസി കാസ്റ്ററ്റ്‌സിനെ പ്രധാനമന്ത്രിയായി നിയമിക്കണമായിരുന്നുവെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതിനാൽ മാക്രോൺ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് വിമർശനം ഉയരുന്നുണ്ട്.

Content Highlight: Protesters rally in France against Barnier’s appointment as PM

We use cookies to give you the best possible experience. Learn more