ന്യൂദല്‍ഹി: ലോക്‌സഭയില്‍ കളര്‍ സ്‌മോക്കുകളുമായി പ്രതിഷേധം നടത്തിയവര്‍ ഉയര്‍ത്തിയത് ഏകാധിപത്യം അനുവദിക്കില്ലെന്ന മുദ്രാവാക്യം. ‘താനാശാഹീ നഹീ ചലേഗി’എന്നാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തിയത്. വന്ദേ മാതരം, ജയ് ഭീം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ ലോക്‌സഭക്കകത്തും പുറത്തുമായി വിളിച്ചു.
തങ്ങളുടെ പ്രതിഷേധം രാജ്യത്തെ തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍, സാധാരണക്കാരുടെ ശബ്ദം അടിച്ചമര്‍ത്തല്‍ എന്നിവ പരിഹരിക്കുന്നതിനും, അവ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തുറന്നുകാണിക്കാന്‍ വേണ്ടി ഉദ്ദേശിച്ചുള്ളതാണെന്നും പൊലീസ് കസ്റ്റഡിയിലെടുത്ത നാല് പേരില്‍ ഒരാളായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാര്‍ക്ക് പാര്‍ലമെന്റ് സന്ദര്‍ശനത്തിനായി പാസ് നല്‍കിയത് ബി.ജെ.പി എം.പിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ഒരാളുടെ കയ്യില്‍ കുടക് മണ്ഡലം ബി.ജെ.പി എം.പി പ്രതാപ് സിംഹ ഒപ്പിട്ട് നല്‍കിയ പാസ് ഉള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരുടെ പക്കല്‍ നിന്ന് ലഭിച്ച സിംഹയുടെ പാസ് ലോക്സഭാ എം.പി ഡാനിഷ് അലി ഫോട്ടോയെടുക്കുകയും അവ പിന്നീട് മാധ്യമങ്ങളെ കാണിക്കുകയുമായിരുന്നു.
പാര്‍ലമെന്റ് സുരക്ഷാ ഡയറക്റ്ററോട് വിഷയത്തിൽ ലോക്‌സഭാ സ്പീക്കർ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടാതെ സ്പീക്കര്‍ ഓം ബിര്‍ള വ്യാഴാഴ്ച 4 മണിക്ക് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നിലവില്‍ പാര്‍ലമെന്റില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.
ലോക്സഭയുടെ ശൂന്യവേളക്കിടെയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭാ 4 മണി വരെ നിര്‍ത്തിവെക്കുകയും, രാജ്യസഭാ പിന്നീട് നടപടികള്‍ പുനരാരംഭിക്കുകയും ചെയ്തു.
പുതിയ പാര്‍ലമെന്റ് കെട്ടിടം അതീവ സുരക്ഷയോടെ പ്രവര്‍ത്തിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങളില്‍ വിള്ളലുണ്ടായെന്നും സന്ദര്‍ശകരുടെ പരിശോധനയില്‍ വലിയ സുരക്ഷാ വീഴ്ച നടന്നെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
Content Highlight: Protesters raise Vande Bharat, Jai Bheem slogans in Parliament