കൊളംബോ: രാജി വെക്കാതെ പ്രസിഡന്റ് ഗോതബയ രാജപക്‌സെ നാടുവിട്ടതോടെ ശ്രീലങ്കയില്‍ വീണ്ടും കലാപം. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസും കയ്യടക്കിയതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ സംഘം വസതിക്കു മുകളില്‍ പതാകയും ഉയര്‍ത്തിയതാണ് റിപ്പോര്‍ട്ട്.
അതേസമയം പ്രസിഡന്റ് സ്ഥാനത്തു നിന്നും ബുധനാഴ്ച രാജിവെക്കുമെന്ന് ശ്രീലങ്കന്‍ സ്പീക്കര്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ മാധ്യമമായ ന്യൂസ് വയറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ രാജ്യത്തെ പ്രധാന ചാനലുകള്‍ സംപ്രേക്ഷണം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.
ശ്രീലങ്കയില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ 20നാണ് വോട്ടെടുപ്പ് നടത്തുക.
സ്പീക്കര്‍ മഹീന്ദ യാപ അഭയ്വര്‍ധന തന്നെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച ഉത്തരവിറക്കിയത്.
സ്പീക്കറുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്.
പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍, ഭരണഘടനയ്ക്ക് അനുസൃതമായി ഒരു പുതിയ സര്‍വകക്ഷി സര്‍ക്കാര്‍ നിലവില്‍ വരേണ്ടത് അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
സര്‍വകക്ഷി സര്‍ക്കാരിനെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയും മന്ത്രിസഭയും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഭരണകക്ഷി അറിയിച്ചിട്ടുണ്ട്” അഭയ്വര്‍ധന പ്രസ്താവനയില്‍ പറഞ്ഞു.
225 അംഗ പാര്‍ലമെന്റില്‍ അംഗങ്ങളായവരില്‍ നിന്നും ജൂലൈ 19ന് നോമിനേഷനുകള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് കടക്കുക.
വ്യാഴാഴ്ചക്കുള്ളില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും മന്ത്രിസഭയും സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനാണ് സമരക്കാരുടെ നീക്കം.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് റനില്‍ വിക്രമസിംഗെ നേരത്തെ രാജി വെച്ചിരുന്നു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയായിരുന്നു വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.
ഇദ്ദേഹത്തിന്റെ സ്വകാര്യ വസതിക്കും പ്രതിഷേധക്കാര്‍ തീകൊളുത്തിയിരുന്നു.
Content Highlight; Protesters occupied srilankan PM’s office, channels unavailable