| Saturday, 7th December 2019, 6:03 pm

ഉന്നാവോയിലെത്തിയ സാക്ഷി മഹാരാജിനെയും ബി.ജെ.പി മന്ത്രിമാരെയും തടഞ്ഞ് നാട്ടുകാര്‍; സംഭവം പ്രിയങ്ക പോയി മിനിറ്റുകള്‍ക്കുള്ളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ലൈംഗികാക്രമണക്കേസിലെ പ്രതികള്‍ തീവെച്ചു കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ച്ചെന്ന ബി.ജെ.പി നേതാക്കളെ തടഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായെത്തിയവരാണ് ബി.ജെ.പി മന്ത്രിമാരും സ്ഥലം എം.പി സാക്ഷി മഹാരാജും അടങ്ങിയ സംഘത്തെ തടഞ്ഞത്.

ഉന്നാവോയില്‍ ഇവരെത്തിയ ഉടന്‍തന്നെയായിരുന്നു സംഭവം. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഈ സംഭവത്തിനു മിനിറ്റുകള്‍ക്കു മുന്‍പാണു കുടുംബാംഗങ്ങളെ കണ്ടത്. ഇതിനു ശേഷമാണ് ബി.ജെ.പി നേതാക്കളെത്തിയത്.

നേരത്തേ ഉന്നാവോയില്‍ നടന്ന മറ്റൊരു ലൈംഗികാക്രമണക്കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനു ജന്മദിനാശംസ നേര്‍ന്നതില്‍ സാക്ഷി മഹാരാജിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കവെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രിയങ്ക രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ ഇപ്പോഴുള്ളതു പൊള്ളയായ ക്രമസമാധാന സംവിധാനമാണെന്ന് പ്രിയങ്ക ആരോപിച്ചു. സംസ്ഥാനത്തു ലൈംഗികാക്രമണങ്ങളെ അതിജീവിക്കുന്നവര്‍ക്കു നീതി നിഷേധിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

‘കുറ്റവാളികളുടെ മനസ്സില്‍ ഇപ്പോള്‍ ഭയമില്ല. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ക്ക് ഇടമില്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ഇവിടെ അരാജകത്വം പ്രചരിക്കുകയും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്.

അവരുണ്ടാക്കിയ ഉത്തര്‍പ്രദേശാണ് ഇതെങ്കില്‍, ഇവിടെ സ്ത്രീകള്‍ക്ക് ഒരിടവും ഇല്ലെന്നുള്ളത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവകരമായി കാണണം.’- പെണ്‍കുട്ടിയുടെ വീടിനു വെളിയില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലൈംഗികാക്രമണക്കേസിന്റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.40-ന് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി മരണപ്പെട്ടത്.

We use cookies to give you the best possible experience. Learn more