കൊച്ചി: ശബരിമല ദര്‍ശനത്തിനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി ഹോട്ടലിലേക്ക് പോകാന്‍ പോലും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍. ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ ഇവരെ അനുവദിക്കില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരുടെ നിലപാട്.
യാത്രക്കാര്‍ പുറത്തു കടക്കുന്ന വഴിയില്‍ മാത്രമല്ല കാര്‍ഗോ നീക്കം ചെയ്യുന്ന മാര്‍ഗം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
തൃപ്തി ദേശായിയെ പുറത്തു കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് പ്രീപെയ്ഡ് ടാക്‌സി ഡ്രൈവര്‍മാരും ഓണ്‍ലൈന്‍ ടാക്‌സിക്കാരും വ്യക്തമാക്കിയിരുന്നു. പൊലീസ് വാഹനത്തിലോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചോ തൃപ്തിയെ വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുമായി സമവായത്തിന് ശ്രമിച്ചെങ്കിലും വഴങ്ങിയിട്ടില്ല.
പുലര്‍ച്ചെ 4.45ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തിയ്ക്കും സംഘത്തിനും നാലു മണിക്കൂര്‍ പിന്നിടുമ്പോഴും അഭ്യന്തര ടെര്‍മിനലിനകത്ത് തുടരുകയാണ് തൃപ്തി. വിമാനത്താവളത്തിന് പുറത്തെ സാഹചര്യം തൃപ്തി ദേശായിയെ പൊലീസ് അറിയിച്ചെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന ഉറച്ച നിലപാടിലാണ് തൃപ്തി ദേശായി. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങുമെന്നും തൃപ്തി അറിയിച്ചിട്ടുണ്ട്.