ന്യൂയോര്‍ക്ക്: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രഈലിനായി ആയുധമെത്തിക്കുന്ന യു.എസ് കപ്പലുകള്‍ തടഞ്ഞ് ഫലസ്തീന്‍ അനുകൂലികള്‍. കാലാവസ്ഥ ആനുകൂലമല്ലാതിരിന്നിട്ടും യു.എസിലെ ടകോമ തീരത്ത് ആയിരത്തിലധികം ആളുകള്‍ ഇസ്രഈലിനെതിരെ പ്രതിഷേധ റാലി നടത്തി. ഇതിനെ തുടര്‍ന്ന് ആയുധം കൊണ്ടുപോവുന്ന കപ്പലുകള്‍ തടഞ്ഞ് പ്രതിഷേധക്കാര്‍ സൈനിക സഹായ വിതരണത്തെ എതിര്‍ത്തു.
ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തില്‍ ഫലസ്തീനികളെ കൊലപ്പെടുത്തുന്നതിനായി ഈ കപ്പലുകളിലെ ഏതെങ്കിലും ഒരായുധം സൈന്യം ഉപയോഗിക്കുമെന്ന് തങ്ങള്‍ ഭയക്കുന്നതായി പ്രതിഷേധക്കാര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.
അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്നും ആളുകളെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രതിഷേധക്കാരില്‍ ഒരാളായ വസിം ഹാഗെ പറഞ്ഞു. യു.എസ് വിദേശനയത്തെക്കുറിച്ചും ഇസ്രഈലിനുള്ള രാജ്യത്തിന്റെ ധനസഹായത്തെക്കുറിച്ചും കൃത്യമായ പരിശോധനയും നടപടിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസയില്‍ സൈനിക ആക്രമണം തുടരുന്നതിനാല്‍ കപ്പലില്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിറച്ച് ഇസ്രഈലിലേക്ക് അയക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു രഹസ്യ ഉറവിടം തങ്ങളെ അറിയിച്ചതായി അഭിഭാഷക ഗ്രൂപ്പായ എ.ആര്‍.ഒ.സിയുടെ (അറബ് റിസോഴ്സ് ആന്‍ഡ് ഓര്‍ഗനൈസിങ് സെന്റര്‍) കോഡിനേറ്റര്‍ അല്‍ജസീറയോട് സൂചിപ്പിച്ചു. എന്നാല്‍ ഈ വിവരം എത്രമാത്രം ശരിയാണെന്ന് വിലയിരുത്താന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് അല്‍ജസീറ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഫലസ്തീന്‍ പതാക വീശിയും ഗസയിലെ അതിക്രമങ്ങള്‍ തടയണമെന്നെഴുതിയ ബോര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ റാലി സംഘടിപ്പിച്ചത്. ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രഈലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് ഇനി പണമില്ലെന്നുമുള്ള മുദ്രവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
നിലവിലെ സ്ഥിതിയനുസരിച്ച് ഗസയില്‍ 4600 ഓളം സ്ത്രീകള്‍ക്കും 380 കുട്ടികള്‍ക്കും അടിയന്തര വൈദ്യസഹായം ആവശ്യമുണ്ട്. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 2,600 സ്ത്രീകളും 4,104 കുട്ടികളും കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ 67 ശതമാനം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും കണക്കാക്കപ്പെടുന്നു.
Content Highlight: Protesters block U.S arms ship to Israel