[]കെയ്‌റോ: ഈജിപ്തില്‍ സൈന്യം പുറത്താക്കിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുര്‍സി അനുകൂലികള്‍ നടത്തുന്ന സമരം അക്രമാസ്‌ക്തമായി. []
മുര്‍സി അനുകൂലികളും സൈന്യവും നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുന്നൂറ് കവിഞ്ഞെന്നാണ് കണക്ക്. ഏതാണ്ട് പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ പുലര്‍ച്ചെ ആറിന് തുടങ്ങിയ സൈനിക നടപടി മണിക്കൂറുകളോളം നീണ്ടു. ആദ്യം കെയ്‌റോ യൂനിവേഴ്‌സിറ്റിക്ക് സമീപത്തെ അന്നഹ്ദ ക്യാമ്പാണ് തകര്‍ത്തത്.
അതിന് ശേഷം പതിനായിരക്കണക്കിനാളുകള്‍ തമ്പടിച്ച റാബിഅ അദവിയയിലെ സൈനിക നടപടി വന്‍ ആക്രമണത്തില്‍ കലാശിച്ചു. ഒഴിഞ്ഞുപോവാനുള്ള സൈന്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ഒഴിപ്പിക്കല്‍ നടപടി ചെറുത്തു.
തുടര്‍ന്ന് സായുധ വാഹനങ്ങളില്‍നിന്നും ഹെലികോപ്ടറില്‍നിന്നും സമരക്കാര്‍ക്കുനേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ക്യാമ്പില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയടച്ചായിരുന്നു യന്ത്രവത്കൃത തോക്കുപയോഗിച്ച് സൈന്യം വെടിവെപ്പ് നടത്തിയത്.
സൈനികാക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയനും അറബ് ലീഗും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ഈജിപ്ഷ്യന്‍ സൈനിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
അതിനിടെ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബല്‍താജിയുടെ 17കാരിയായ മകളും സ്‌കൈ ന്യൂസിന് വേണ്ടി കലാപം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന കാമറാമാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
വെടിവെപ്പിനെ തുടര്‍ന്ന് ഈജിപ്തിലെങ്ങും വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. എല്ലാ ഗവര്‍ണറേറ്റുകളിലും തെരുവിലേക്കൊഴുകിയ ജനക്കൂട്ടം സര്‍ക്കാര്‍ ഓഫിസുകളും പൊലീസ് സ്‌റ്റേഷനുകളിലേക്കും മാര്‍ച്ച് നടത്തി.
സൈനിക നടപടിയില്‍ യു.എസും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉത്കണ്ഠ രേഖപ്പെടുത്തി. അതിനിടെ ഇടക്കാല സര്‍ക്കാരിലെ വൈസ് പ്രസിഡന്റായിരുന്ന എല്‍ ബര്‍ദായി രാജിവച്ചത് സൈനിക നേതൃത്വത്തിന് തിരിച്ചടിയായി.
പ്രതിഷേധം വ്യാപിച്ചതോടെ രാജ്യത്ത് ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി താല്‍ക്കാലിക പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍ അറിയിച്ചു.
അതേസമയം സൈനിക നടപടികളെ ന്യായീകരിച്ച ഇടക്കാല പ്രധാനമന്ത്രി ഹസെം എല്‍-ബെബ്ലാവി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാനും തയാറായില്ല. കൂട്ടക്കൊലയെന്നാണ് മുര്‍സി അനുകൂലികള്‍ സൈനിക നടപടിയെ വിശേഷിപ്പിച്ചത്.
ഈജിപ്ത് പ്രസിഡന്റ് സ്ഥാത്ത് നിന്നും മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ഒന്നരമാസക്കാലിമായി നടത്തി വരുന്ന സമരത്തിനുനേരെ ഇതിനുമുമ്പ് രണ്ടു തവണ സൈന്യം വെടിവെപ്പ് നടത്തിയിട്ടുണ്ട്.
എന്നാല്‍, മുര്‍സി അധികാരത്തില്‍ നിന്ന് തിരിച്ചെത്തുന്നതുവരെ സമരത്തില്‍നിന്ന് പിറകോട്ടില്ലെന്ന നിലപാടിലാണ് ബ്രദര്‍ഹുഡ്.