| Tuesday, 9th October 2018, 9:27 pm

അഖിലിനെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധം ശക്തം: കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കേന്ദ്രസര്‍വകലാശാലയില്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കാത്ത നടപടിയില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമായപ്പോള്‍ സര്‍വകലാശാല അനിശ്ചിതകാലത്തേക്ക അടച്ചു.

പുറത്താക്കിയതിന് പിന്നാലെ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി അഖില്‍ താഴത്ത് കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്. പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനകള്‍ നിലപാട് എടുത്തതോടെയാണ് അധികൃതര്‍ അനിശ്ചിത കാലത്തേക്ക് സര്‍വകലാശാല അടച്ചിടാന്‍ തീരുമാനിച്ചത്.

സര്‍വകലാശാല അടച്ചിട്ടാലും പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കും വരെ സമരം നടത്താനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.നാളെ ജില്ലാ പൊലീസ് മേധാവിയും കളക്ടറും ചേര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകളുടെയും സര്‍വ്വകലാശാല അധികൃതര്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. എന്നാല്‍ സര്‍വകലാശാല അടച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read:  ശബരിമലയില്‍ തിരക്ക് കുറയ്ക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി

ഗവേഷക വിദ്യാര്‍ഥി നാഗരാജുവിനെ പൊലീസിലേല്‍പ്പിച്ച സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അഖിലിനെ പുറത്താക്കിയത്. അഗ്‌നിരക്ഷാ സംവിധാനത്തിന്റെ ഗ്ലാസ് പൊട്ടിച്ചുവെന്ന പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട് നാഗരാജുവിനെ പിന്നീട് കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയായിരുന്നു.

ഇതേ വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇംഗ്ലീഷ് ആന്‍ഡ് കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം വകുപ്പ് മേധാവി ഡോ.പ്രസാദ് പന്ന്യനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരിന്നു. സര്‍വകലാശാല നടപടിക്കെതിരെ പന്ന്യന്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. തന്നെ പുറത്താക്കിയതില്‍ വലിയ വിഷമമില്ലെന്നും എന്നാല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പടെ മറ്റുള്ളവരോട് സര്‍വകലാശാല അധികൃതര്‍ കാണിച്ച അനീതിയാണ് പ്രശ്‌നമെന്നും അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

We use cookies to give you the best possible experience. Learn more