ഹൈദരാബാദ്: കഴിഞ്ഞ 116 ദിവസമായി കേരളത്തിലെ ആദിവാസികള്‍ നടത്തി വരുന്ന നില്‍പ്പ് സമരത്തിന് പിന്തുണയുമായി ഹൈദരാബാദ് ഇഫ്‌ലു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.
കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സംസ്ഥാന രൂപീകരണ ദിവസം ആഘോഷിക്കുന്ന നവംബര്‍ ഒന്നിന് ഹൈദരാബാദിലെ ഇഫ്‌ലു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നില്‍പ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കാന്‍വാസ് പെയിന്റിംഗ്, പോസ്റ്റര്‍ പ്രദര്‍ശനം, മുതലായവ നടത്തി.
ആദിവാസികളുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന കേരള സര്‍ക്കാരിനെ കുറിച്ചോര്‍ത്തു ഈ കേരളപ്പിറവി ദിനത്തില്‍ ലജ്ജിക്കുന്നു എന്ന് പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു കൊണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
പോളാവരം പദ്ധതി മൂലം കുടിയിറക്ക് ഭീഷണി നേരിടുന്ന തെലങ്കാനയിലെ ആദിവാസികളോടും സമരം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ ഐക്യദാര്‍ഢ്യ സന്ദേശം ഉള്‍ക്കൊള്ളുന്ന ക്യാന്‍വാസ് തിരുവനന്തപുരത്തെ സമരപ്പന്തലിലേക്ക് അയച്ചു കൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബെന്‍ ആന്ത്രയോസ്, നാരായണന്‍ ശങ്കരന്‍, ജെന്റില്‍ വര്‍ഗീസ്, അനഘ ഗണേഷ്, കാവ്യശ്രീ രഘുനാഥ്, മാനസി മോഹന്‍, അസീസ് വാളാട് എന്നിവര്‍ നേതൃത്വം നല്‍കി.