| Sunday, 18th February 2018, 11:05 pm

വടയമ്പാടിയില്‍ വീണ്ടും സമരം ആരംഭിക്കുന്നു; ഫെബ്രുവരി 25-ന് സമര കണ്‍വെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുത്തന്‍കുരിശ്: ദളിതരുടെ ഭൂമി എന്‍.എസ്.എസ് കയ്യേറിയതിനെതിരെ വടയമ്പാടിയില്‍ വീണ്ടും സമരം ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി ഫെബ്രുവരി 25-ന് ഞായറാഴ്ച സമര കണ്‍വെന്‍ഷന്‍ നടക്കും. എറണാകുളം കച്ചേരിപ്പടിയിലുള്ള ആശീര്‍ ഭവനില്‍ രാവിലെ 10 മണിക്കാണ് കണ്‍വെന്‍ഷന്‍.

നിലവില്‍ വടയമ്പാടിയില്‍ തല്‍സ്ഥിതി തുടരുകയാണ്. എന്‍.എസ്.എസിന്റെ കൈവശമുള്ള പട്ടയം വ്യാജമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ദളിത് ഭൂ അവകാശ സമരമുന്നണിയുടേയും വടയമ്പാടി ജാതിമതില്‍ വിരുദ്ധസമരസഹായസമിതിയും സംയുക്തമായാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്.

സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാറ്റാനും തീരുമാനമുണ്ട്.

മുന്‍പ് നടന്ന സമരത്തില്‍ ദളിത് വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ ക്രൂരമര്‍ദ്ദനമാണ് പൊലീസ് അഴിച്ചു വിട്ടത്. ദളിത് അഭിമാന കണ്‍വെനഷനെ എതിര്‍ക്കാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് യാതൊരു നടപടിയും എടുത്തിരുന്നുമില്ല.

സ്ഥലപരിമിതിയുടെ പ്രശ്‌നങ്ങള്‍ കഠിനമായി അനുഭവിക്കുന്നവരാണ് കോളനിവാസികള്‍. മൃതദേഹം സംസ്‌കരിക്കാന്‍ വീടിന്റെ അടുക്കള പൊളിക്കേണ്ടിവന്ന സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വടയമ്പാടി കോളനി മൈതാനം നഷ്ടപ്പെടുക എന്നത് ഇവിടുത്തുകാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.

We use cookies to give you the best possible experience. Learn more