വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ലോകത്തിലെ മിക്ക രാജ്യങ്ങളിലും പല തരത്തില്‍ പ്രക്ഷോഭം നടന്നു വരികയാണ്. ഇറാഖ് , ഇറാന്‍, ലെബനന്‍, എന്നിവിടങ്ങളിലെല്ലാം ജനങ്ങള്‍ സര്‍ക്കാരിനു നേരെ തെരവിലിറങ്ങി.ഇതിനിടയില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും പ്രക്ഷോഭം ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പടരുകയാണ്.
ചിലി, ബൊളീവിയ, ഇക്യുഡോര്‍ എന്നീ രാജ്യങ്ങളിലെല്ലാം വലിയ പ്രക്ഷോഭമാണ് കഴിഞ്ഞ ദിനങ്ങളിലായി നടന്നത്. അതേ പാതയില്‍ തന്നെ കൊളംബിയയും പോവുന്നു.
ചിലി
ചിലിയിലെ മെട്രോ സര്‍വ്വീസുകള്‍ക്കേര്‍പ്പെടുത്തിയ ചാര്‍ജ് വര്‍ധനവാണ് പ്രക്ഷോഭത്തിനു തിരി കൊളുത്തുന്നത്. വിദ്യാര്‍ഥികളായിരുന്നു പ്രക്ഷോഭത്തിനു മുന്നിട്ടിറങ്ങിയതെന്നാണ് മറ്റൊരു വസ്തുത. വന്‍ പ്രതിഷേധമാണ് ഒക്ടോബര്‍ മുതല്‍ ചിലിയില്‍ നടന്നു വന്നത്. പ്രതിഷേധം ശ്ക്തമായതോടെ ഒരു ഘട്ടത്തില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിക്കേണ്ടി വന്നു. ചിലി പ്രസിഡന്റായ സെബാസ്റ്റ്യന്‍ പിനേര പ്രക്ഷോഭകരെ ക്രിമിനല്‍സ് എന്നാണ് വിശേഷിപ്പിച്ചത്. ഒരു തരത്തിലും പ്രക്ഷോഭം അടിച്ചമര്‍ത്താനാകാതെ വന്നപ്പോള്‍ പിനേരക്ക് മന്ത്രി സഭ പിരിച്ചു വിടേണ്ടിയും വന്നു. 19 പേരാണ് ഇതുവരെയും ചിലിയിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. അഗസ്റ്റോ പിനോഷെയുടെ 1973-1990 കാലഘട്ടത്തിലെ ഏകാധിപത്യ ഭരണത്തിനു ശേഷം ആദ്യമായാണ് ചിലി ഇത്രയും വലിയ പ്രക്ഷോഭത്തെ അഭിമുഖീകരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ കേവലം മെട്രോ ചാര്‍ജ് വര്‍ധനവല്ല ചിലിയിലെ ജനങ്ങളെ പ്രകോപിപ്പിച്ചത്.
കടുത്ത സാമ്പത്തിക അസമത്വമാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ നിലനില്‍ക്കുന്നത്. ലാറ്റിനമേരിക്കയിലെ ധനിക രാജ്യങ്ങളിലൊന്നാണ് ചിലി.പക്ഷേ രാജ്യത്തെ സാമ്പത്തിക അസമത്വം ഇവിടെ രൂക്ഷമാണ്. ആഗോള തലത്തിലെ അസമത്വ തോത് അളക്കുന്ന സൂചികയായ ഗിനി ഇന്‍ഡെക്‌സ് പ്രകാരം ലോകത്തിലെ ഉയര്‍ന്ന സാമ്പത്തിക നിലയുള്ള മുപ്പത് രാജ്യങ്ങളുടെ കണക്കെടുത്തപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക അസമത്വമുള്ള രാജ്യമായി തെരഞ്ഞെടുത്തത് ചിലിയെയായിരുന്നു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബൊളീവിയ
ബൊളീവിയന്‍ പ്രസിഡന്റായ ഇവോ മൊറാല്‍സിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയതോടെയാണ് ബൊളീവിയയില്‍ സംഘര്‍ഷം രൂക്ഷമാവുന്നത്. ഒക്ടോബറില്‍ നടന്ന ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൊറാല്‍സ് അട്ടിമറി നടത്തിയാണ് വിജയിച്ചതെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സിന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷം മൊറാല്‍സിനു നേരെ പ്രതിപക്ഷം തിരിയുകയും. മൊറാല്‍സ് രാജിവെക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു.. സൈനിക മേധാവിയായ ഗെന്‍ വില്ല്യംസ് കലിമാന്‍ മൊറാല്‍സിനോട് അധികാരത്തില്‍ നിന്നു പുറത്തുപോകാന്‍ ആവശ്യപ്പെട്ടതോടെ നവംബര്‍ 10 ന് മൊറാല്‍സ് അധികാരമൊഴിയുകയും മെക്‌സിക്കോയില്‍ രാഷ്ട്രീയ അഭയം തേടുകയും ചെയ്തു.
സോഷ്യലിസ്റ്റ് നേതാവിന്റെ പടിയിറക്കത്തോടെ ചേംബര്‍ ഓഫ് സെനറ്റര്‍മാരുടെ പ്രസിഡന്റ് എന്ന നിലയില്‍ ജീനിസ് അനസ് എന്ന വലതുപക്ഷ ചായ്‌വുള്ള വനിത താല്‍ക്കാലിക പ്രസിഡന്റായി. ഇവരുടെ സ്ഥാനാരോഹണത്തെ യു.എസ് അംഗീകരിക്കുകയും ചെയ്തു. ഇതിനു ശേഷം ബൊളീവിയയുടെ മതേതര നിലപാടുകളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളുമാണ് നടക്കുന്നത്.
ഇക്യുഡോര്‍
ഇക്യുഡോറിലെ ഗോത്രവിഭാഗങ്ങള്‍ക്കു ലഭിക്കുന്ന ഇന്ധന സബ്‌സിഡി എടുത്തുകളയാന്‍ ഒക്ടോബര്‍ മൂന്നിന് പ്രസിഡന്റ് ലെനിന്‍ മൊറെനൊ തീരുമാനിച്ചതോടെയാണ് ഇക്യഡോറില്‍ പ്രക്ഷോഭം തുടങ്ങുന്നത്. പ്രതിഷേധം ശകതമായതോടെ സബ്‌സിഡി നിര്‍ത്തലാക്കുന്ന ബില്ലില്‍ ചില അയവുകള്‍ വരുത്താം എന്നാല്‍ ബില്‍ പൂര്‍ണമായും പിന്‍വലിക്കില്ല എന്നാണ് പ്രസിഡന്റ് അറിയിച്ചത്. 40 വര്‍ഷത്തോളമായി ഇക്യഡോറിലെ ഗോത്രവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയാണ് ലെനിന്‍ മൊറൊനോ ഇല്ലാതാക്കാവന്‍ ശ്രമിച്ചത്. എന്നാല്‍ ഇക്യഡോറിലെ ഗോത്രവിഭാഗത്തോട് മുട്ടുന്നത് അത്ര പന്തിയല്ല. 1997 മുതല്‍ ഇക്യഡോറിവെ മൂന്നു പ്രസിഡന്റുമാരെയാണ് ഇവിടത്തെ ഗോത്ര വിഭാഗ പ്രക്ഷോഭം അധികാരത്തില്‍ നിന്നു തെറിപ്പിച്ചത്. 2005 ല്‍ വലതു പക്ഷക്കാരനായ ലുസിയോ ഗുട്ടറസിനെ പുറത്താക്കിയതാണ് ഇതില്‍ അവസാനത്തേത്.
ഗോത്രവിഭാഗക്കാര്‍ക്കൊപ്പം രാജ്യത്തെ തൊഴിലാളി സംഘടനകളും വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രക്ഷോഭത്തില്‍ പങ്കുപ കൊണ്ടു.
കൊളംബിയ
ചിലിക്കും, ഇക്യുഡോറിനും, ബൊളീവിയക്കും പിന്നാലെ പ്രക്ഷോഭത്തിലേക്കു കടക്കുന്ന മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമാണ് കൊളംബിയ.
ഇവിടത്തെ വലതുപക്ഷ സര്‍ക്കാരിനെതിരെയും പ്രസിഡന്റ് ഇവാന്‍ ഡ്യൂകിനെതിരെയുമാണ് പ്രക്ഷോഭം.
രണ്ടരലക്ഷം പേരാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കു കൊണ്ടത്. പ്രക്ഷോഭത്തിനു നേരെ പൊലീസ് നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മിനിമം വേതനം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, നികുതി പരിഷ്‌കരണം തുടങ്ങിയവയാണ് കൊളംബിയന്‍ ജനതയുടെ ആവശ്യങ്ങള്‍.