| Wednesday, 1st February 2023, 1:33 pm

പ്രസിഡന്റിന് എന്തുമാകാം, സാധാരണക്കാരന്റെ അവസ്ഥ അതല്ല; വിരമിക്കൽ നിയമ പരിഷ്കരണത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താനുള്ള പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നീക്കത്തിന് പിന്നാലെ ഫ്രാൻസിൽ പ്രക്ഷോഭം ശക്തമാകുന്നു. വിരമിക്കൽ പ്രായം 62ൽ നിന്നും 64ആക്കി ഉയർത്താനാണ് സർക്കാരിന്റെ നീക്കം.

വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാംവട്ട പണിമുടക്കിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. വിരമിക്കൽ പ്രായം ഉയർത്താനുള്ള തീരുമാനത്തെ ജനങ്ങൾ എതിർക്കുന്നുവെന്നും ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.

അടുത്തയാഴ്ചയായിരിക്കും വിരമിക്കൽ പ്രായം ഉയർത്തുന്നതിനുള്ള ബിൽ പരി​ഗണിക്കുക. കുട്ടികളുൾപ്പെടെ നിരവധി പേരാണ് പ്രതിഷേധപരിപാടികളിൽ പങ്കെടുത്തത്. മാതാപിതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കുട്ടികൾ സമരത്തിനെത്തിയത്.

പെൻഷൻ പ്രായം എത്ര ഉയർത്തിയാലും പ്രസിഡന്റിന് സുഖമാണെന്നും ജോലി ചെയ്യുന്നവരുടെ അവസ്ഥ വ്യത്യസ്തമാണെന്നും പ്രതിഷേധക്കാർ പറയുന്നു.

“പെൻഷൻ പ്രായം 64 ആക്കിയാലും പ്രസിഡന്റിന് സുഖമാണ്. ഒരു കസേരയിലിരുന്ന് ചെയ്യുന്ന ജോലി അദ്ദേഹത്തിന് പ്രയാസമായി തോന്നിയേക്കില്ല. പുറത്ത് ജോലി ചെയ്യുന്നവരുടെ അവസ്ഥ അതല്ല. അത്രകാലം ജോലി ചെയ്യുക പ്രയാസമാണ്. ശരാശരി ആയുസ് കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ കഴിയാവുന്ന വേ​ഗത്തിൽ വിരമിച്ച് സ്വതന്ത്രമായി ജീവിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്”, പ്രതിഷേധക്കാരെ ഉദ്ധരിച്ച് ഡെച്ച് വെല്ല റിപ്പോർട്ട് ചെയ്യുന്നു.

പ്രതിഷേധ പരിപാടികളുടെ പ്രധാനവേദിയായത് പാരിസായിരുന്നു. 200ഓളം ന​ഗരങ്ങളിൽ തെരുവു പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

എതിർപ്പുകൾ നിലനിൽക്കെ ബിൽ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് സർക്കാർ. രാജ്യത്തെ പെൻഷൻ സമ്പ്രദായം മുന്നോട്ടുപോകണമെങ്കിൽ പുതിയ പരിഷ്കാരം ആവശ്യമാണെന്നാണ് സർക്കാരിന്റെ വിശദീകരണം.

നിലവിൽ ഫ്രാൻസിൽ വിരമിക്കുന്ന എല്ലാവർക്കും പെൻഷൻ ലഭിക്കുന്നുണ്ട്. പ്രതിമാസം 1400 യൂറോയാണ് ശരാശരി പെൻഷൻ. വിരമിക്കുന്നവരുടെ എണ്ണം കൂടുകയും രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് സംഭാവന ചെയ്യുന്നവരുടെ എണ്ണം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

Content Highlight: Protest over pension reform in France

We use cookies to give you the best possible experience. Learn more