വാഷിങ്ടണ്‍: ബംഗ്ലാദേശിലെ ആഭ്യന്തര കലഹത്തെതുടര്‍ന്ന് ന്യൂനപക്ഷമായ ഹിന്ദുകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ യു.എസില്‍ പ്രതിഷേധം. യു. എസിലെ വൈറ്റ് ഹൗസിന് മുമ്പിലെത്തിയ ജനക്കൂട്ടമാണ് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
അമേരിക്കന്‍, ബംഗ്ലാദേശ് പതാകകള്‍ കൈയിലേന്തിയ പ്രക്ഷോഭകര്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക, വീ വാണ്ട് ജസ്റ്റിസ് എന്നിങ്ങനെ ആലേഖനം ചെയ്ത ബാനറുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു.
വിവിധ മനുഷ്യാവകാശ സംഘടനകളിലെ പ്രവര്‍ത്തകര്‍, ബംഗ്ലാദേശ് പൗരന്മാര്‍, ഇന്ത്യന്‍-അമേരിക്കന്‍ ഹിന്ദു സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തില്‍ വാഷിങ്ടണ്‍, മേരിലാന്‍ഡ്, വിര്‍ജീനിയ , ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവാസികളാണ് അണിനിരന്നത്.
ന്യൂനപക്ഷക്കാര്‍ നിരന്തരം അക്രമിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനസ് അടിയന്തരമായി ഇടപെടണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
ബംഗ്ലാദേശില്‍ കുടുംബ വേരുകളുള്ള അമേരിക്കന്‍ പ്രവാസിയായ ശുഭോ റോയി, നിലവിലെ ബംഗ്ലാദേശിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തി ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും വാര്‍ത്താ ഏജന്‍സിയായ എ. എന്‍. ഐയോട് പറഞ്ഞു.
‘വര്‍ഷങ്ങളോളം ആസൂത്രിതമായ ആക്രമവും വിവേചനവും അടിച്ചമര്‍ത്തലും സഹിച്ചാണ് പലപ്പോഴും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അവരുടെ സ്വന്തം നാട്ടില്‍ കഴിയുന്നത്. എന്നാല്‍ ഇപ്പോഴത് അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. ഇനിയെങ്കിലും ഇത് ലോകം തിരിച്ചറിയണം. ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ്. എന്നാല്‍ ഞങ്ങള്‍ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമായിരുന്നില്ല. ഞങ്ങളെ ഇന്ത്യയില്‍ നിന്ന് ആട്ടിയിറക്കുകയായിരുന്നു,’ റോയി പ്രതികരിച്ചു.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് എക്‌സില്‍ പങ്ക് വെച്ച കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
‘പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത പ്രൊഫസര്‍ മുഹമ്മദ് യൂനിസിന് എന്റെ ആശംസകള്‍. ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടേയും സംരക്ഷണം ഉറപ്പ് വരുത്തി ബംഗ്ലാദേശ് എത്രയും പെട്ടെന്ന് സാധരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളുടേയും സുരക്ഷയ്ക്കും വികസനത്തിനും വേണ്ടി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.’ മോദി എക്‌സില്‍ കുറിച്ചു.
ആയിരക്കണക്കിന് മൈലുകള്‍ അകലെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ അഭ്യര്‍ത്ഥനയായി തങ്ങളുടെ ഈ പ്രകടനത്തെ കാണണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍, ബൈഡന്‍ ഭരണകൂടം ഈ വിഷയത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സംവരണം വിഷയങ്ങളിലെ മാറ്റം ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ 205 ഓളം കൈയേറ്റങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 170 മില്ല്യണ്‍ വരുന്ന ബംഗ്ലാദേശ് ജനസംഖ്യയില്‍ എട്ട് ശതമാനമാണ് ഹിന്ദുക്കളുള്ളത്.
Content Highlight: Protest erupts white house over attack on Bangladesh Hindus