കഴിഞ്ഞ ഡിസംബര്‍ 22നായിരുന്നു ജസീര്‍ ഹസ്സന്റെയും ലുബ്‌നയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഇരുവരും തിരക്കിട്ട് എത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നാട്ടില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനായിരുന്നു. പ്രതിഷേധ റാലിയില്‍ മുന്നില്‍ തന്നെ നടന്ന ഇരുവരും അതിന് ശേഷമാണ് ഇരുവരും വീട്ടിലേക്ക് പോയത്.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലും നിയമത്തിനെതിരെ സംഘടിതമായി ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. എന്നാല്‍ കേരളത്തില്‍ പൗരത്വ നിയമത്തിനെതിരെ വേറിട്ടൊരു പ്രതിഷേധവും നടന്നു വരികയാണ്. അത് സേവ് ദ ഡേറ്റ് മുതല്‍ വിവാഹം വരെയുള്ള വേദികളില്‍ നടക്കുന്ന പ്രതിഷേധങ്ങളാണ് അവ.
വിവാഹ വേദികള്‍ ആഘോഷിക്കാന്‍ മാത്രമല്ല, പ്രതിരോധിക്കാനും പ്രതിഷേധിക്കാനും കൂടിയുള്ളവയാണെന്ന് തെളിയിക്കുകയാണ് നവദമ്പതിമാര്‍. വിവാഹ വേദികളിലും സേവ് ദ ഡേറ്റ് കാര്‍ഡുകളിലും സേ നോ ടു എന്‍.ആര്‍.സി, സേ നോടു സി.എ.എ എന്നിങ്ങനെ എഴുതിച്ചേര്‍ത്തും വിവാഹ വേദികളില്‍ എതിര്‍പ്പ് പ്രകടമാക്കുന്ന കാര്‍ഡുകള്‍ കയ്യില്‍ പിടിച്ചും വധു വരന്‍മാര്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത് കേരളത്തില്‍ വേറിട്ടൊരു പ്രതിഷേധ മാതൃകയായി മാറുകയാണ്.
അരുണ്‍ ഗോപിയും ആശാ ശേഖറുമാണ് ഇത്തരത്തിലൊരു സോഷ്യല്‍ മീഡിയ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. സാമൂഹ്യ മാധ്യമത്തില്‍ തന്റെ വിവാഹ തീയ്യതി പറഞ്ഞ് ഇട്ട പോസ്റ്റിലാണ് ഇരുവരും നോ സി.എ.എ, നോ എന്‍.ആര്‍.സി എന്ന് ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന ചിത്രം പങ്കു വെച്ചത്.
‘വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോര്‍ത്ത് നടക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയമില്ല. ഞങ്ങള്‍ ഒന്നിക്കുന്നു’ എന്ന ക്യാപ്ഷനോടെയായിരുന്നു അരുണ്‍ ഗോപിയും ആശാ ശേഖറും ചിത്രം പങ്കുവെച്ചത്.
ജസീര്‍ ഹസനും ലുബനയും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുക്കുകയെന്നത്. വീട്ടില്‍ നിന്നും വിവാഹത്തിനിറങ്ങുമ്പോള്‍ മുതല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് പ്രകടനമായാണ് ഇറങ്ങിയതെന്ന് ജസീര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘ഇന്നലെയായിരുന്നു വിവാഹം. സുഹൃത്തുക്കളോടു കൂടി തീരുമാനിച്ചായിരുന്നു ഇങ്ങനൊരു പ്രതിഷേധം. ആര്‍ഭാടം ഒക്കെ ഒഴിവാക്കി ഭാര്യയുടെ വീട്ടിലേക്ക് കയറിയത് പ്ലക്കാര്‍ഡുകളുമായാണ്. സാധാരണ പാട്ടുമായിട്ടാണ് പെണ്ണിന്റെ വീട്ടിലേക്ക് കയറുക. ഇന്നലെ പ്രകടനമായി ‘ആസാദി’ മുദ്രാവാക്യം വിളിച്ചുമാണ് ഞങ്ങള്‍ കയറിയത്.
അതുമാത്രമല്ല, പെണ്ണിന്റെ വീട്ടുകാരുടെ പിന്തുണയും ഉണ്ടായിരുന്നു. ലുബ്‌നയും ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണ തന്നിരുന്നു.
വിവാഹം കഴിഞ്ഞ് ഞങ്ങള്‍ പ്രകടനത്തില്‍ പങ്കെടുക്കാന്‍ നേരത്തെതന്നെ കല്ല്യാണ വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. അതിന് ശേഷം പ്രകടനത്തിലും പങ്കെടുത്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്ന് തോന്നിയതു കൊണ്ടാണ് നാട്ടില്‍ സംഘടിപ്പിച്ച ജനമുന്നേറ്റ റാലിയില്‍ ഞങ്ങളും പങ്കെടുത്തത്’-കൊയിലാണ്ടി സ്വദേശി ജസീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പ്രശാന്ത് മുത്തുവും ഭാര്യ വിസ്മയയും വിവാഹശേഷം പ്ലക്കാര്‍ഡുകളുമേന്തി തെരുവിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധിക്കുന്നവരെ വസ്ത്രധാരണം കൊണ്ട് തിരിച്ചറിയുക എന്ന പ്ലക്കാര്‍ഡുകളുമേന്തി പ്രശാന്തും വിസ്മയയും നടന്നു. പ്രശാന്ത് തലയില്‍ തൊപ്പിയും ധരിച്ച് നടക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയത്.
‘പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയല്ലേ. അപ്പോള്‍ അതില്‍ പ്രതിഷേധിക്കണമെന്ന് തോന്നുകയും പ്രതിഷേധിക്കുകയുമായിരുന്നു. അതിന് വിവാഹവേദി തെരഞ്ഞെടുക്കുകയുമായിരുന്നു’- പ്രശാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അധ്യാപകനായ സച്ചിനും ആര്‍ജെ ആയ സ്‌നേഹയും പ്രതിഷേധിച്ചതും തങ്ങളുടെ വിവാഹ വേദിയിലൂടെ തന്നെ. ഡിസംബര്‍ 22നാണ് ഇവര്‍ വിവാഹിതരായത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഇന്ത്യന്‍ ഭരണഘടനയാണ് ഞങ്ങളെ ഒന്നിപ്പിച്ചത് ഞങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തെ നിരസിക്കുന്നു, എന്‍.ആര്‍.സി ബഹിഷ്‌കരിക്കുന്നു’ എന്ന് ആലേഖനം ചെയ്ത പ്ലക്കാര്‍ഡുമായാണ് വധൂവരന്മാര്‍ പ്രതിഷേധിച്ചത്.
കുമരനെല്ലൂര്‍ സ്വദേശിയായ ഷഫീക്കും തലക്കശ്ശേരി സ്വദേശി മുംതാസും വിവാഹിതരായ വേദിയിലും പൗരത്വഭേദഗതി നിയമത്തോടുള്ള പ്രതിഷേധമിരമ്പി. ഡിസംബര്‍ 22നു തന്നെയാണ് ഇരുവരും വിവാഹിതരായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ധര്‍മ്മടം സ്വദേശിയായ ഷിബിനും ഹര്‍ഷയും തന്റെ വിവാഹ പന്തലില്‍ നിന്നു തന്നെ പൗരത്വ ഭേദഗതി ബില്ലിനെതിരെയും പ്രതിഷേധിക്കുകയായിരുന്നു.
‘രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി വേര്‍തിരിക്കുന്ന ഈ അനീതിയെ ചോദ്യം ചെയ്യണമെന്ന് ഞങ്ങള്‍ക്ക് തോന്നി. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഇന്ത്യയിലെ മറ്റു ഇതര സംസ്ഥാനങ്ങളില്‍ ഈ ബില്ലിനെതിരെ ജീവന്‍ സമര്‍പ്പിച്ചവരും യഥാര്‍ത്ഥ വിപ്ലവകാരികളോട് ഐക്യദാര്‍ഢ്യമാണ് ഞങ്ങള്‍ പ്രതിഷേധത്തിലൂടെ കാണിച്ചത്’- ഷിബിന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
നാലു പേരിലൊതുങ്ങുന്നതല്ല വിവാഹ പ്രതിഷേധങ്ങള്‍. നിരവധി പേര്‍ ഇതേ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിവാഹ ദിനത്തിലും സേവ് ദ ഡേറ്റ് പോസ്റ്റുകളിലും പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.