ന്യൂദല്‍ഹി: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷക്കെതിരെ രൂക്ഷ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.
താരങ്ങളുടെ പ്രതിഷേധം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമുണ്ടാക്കുന്നതാണെന്നായിരുന്നു പി.ടി. ഉഷ പറഞ്ഞത്. ഇതിനെതിരെയാണ് മഹുവ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ബ്രിജ് ഭൂഷണിനെതിരായ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് ദോഷമുണ്ടാക്കുമെന്ന് പറയുമ്പോള്‍ അയാള്‍ക്കെതിരായ പീഡന ആരോപണങ്ങളും, കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതുമൊക്കെ ഇന്ത്യയില്‍ റോസാപ്പൂക്കളുടെ ഗന്ധം പടര്‍ത്തുകയാണല്ലോ അല്ലേ എന്നാണ് മഹുവ ട്വിറ്ററില്‍ കുറിച്ചത്. സ്‌റ്റോപ് ക്രൗളിങ് എന്ന ഹാഷ് ടാഗോടെയാണ് മഹുവ ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായക്ക് ദോഷകരമാകുന്നുവെന്നാണ് പി.ടി. ഉഷ പറയുന്നത്. ഭരണകക്ഷി എം.പിയും വര്‍ഷങ്ങളോളം ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനുമായിരുന്ന ആള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളും, സുപ്രീംകോടതി നിര്‍ദേശത്തിനിടയിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ദല്‍ഹി കോടതിയുടെ നടപടിയുമെല്ലാം, രാജ്യത്ത് റോസാപ്പൂക്കളുടെ ഗന്ധം പടര്‍ത്തുകയാണല്ലോ അല്ലേ? മുട്ടിലിഴയുന്നത് അവസാനിപ്പിക്കൂ,’ മഹുവ ട്വീറ്റ് ചെയ്തു.
പി.ടി. ഉഷയുടെ പരാമര്‍ശം പ്രതീക്ഷിക്കാത്തതാണെന്നും പ്രതിഷേധങ്ങളെ അവര്‍ പിന്തുണക്കുമെന്നാണ് കരുതിയതെന്നും വ്യക്തമാക്കി ഗുസ്തി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായിരുന്ന ബജ്‌റംഗ് പൂനിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അതേസമയം ഗുസ്തി താരങ്ങളുന്നയിക്കുന്ന ലൈംഗിക ചൂഷണ പരാതി ശരിവച്ച് സായി മുന്‍ ഫിസിയോ പരഞ്ജീത് മാലിക് രംഗത്ത് വന്നിരുന്നു. മൂന്ന് ജൂനിയര്‍ വനിതാ ഗുസ്തിക്കാര്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും തനിക്ക് മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞെന്നുമാണ് പരഞ്ജീത് മാലിക് വെളിപ്പെടുത്തിയത്. ഇതിനെതിരെ വനിതാ കോച്ച് കുല്‍ദീപ് മാലിക്കിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരഞ്ജീത് മാലിക് പറഞ്ഞു.
ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായെത്തിയ മഹിളാ അസോസിയേഷന്‍ നേതാക്കളെ കഴിഞ്ഞ ദിവസംദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സമരത്തെ പിന്തുണച്ച് മാര്‍ച്ച് നടത്തിയതിനാണ് മഹിളാ അസോസിയേഷന്‍ നേതാക്കളായ പി.കെ. ശ്രീമതി,സി.എസ്. സുജാത എന്നിവരെ കസ്റ്റഡിയിലെടുത്തത്.ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് ഞായറാഴ്ചയാണ് സാക്ഷി മാലിക്കും വിനേഷ് ഫോഗാട്ടുമുള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയിലും താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു അന്ന് പ്രതിഷേധം പിന്‍വലിച്ചത്.
Content Highlights: Protest of wrestlers; Mahua Moitra criticizes PT Usha’s remarks