വനിതാദിനം: പ്രതിഷേധത്തോടെ വിദര്‍ഭയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകള്‍
India
വനിതാദിനം: പ്രതിഷേധത്തോടെ വിദര്‍ഭയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th March 2014, 9:43 am

[share]

[]മുംബൈ: ലോക വനിതാ ദിനത്തില്‍ വിദര്‍ഭയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകള്‍ ഉപവാസത്തിലാണ്. തങ്ങള്‍ക്ക് ലഭിക്കാനുള്ള നീതി എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കാര്‍ഷിക വിളകള്‍ക്ക് വ്യാപക നാശം നേരിട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വിദര്‍ഭയില്‍ സര്‍ക്കാരിന്റെ ഒരു പരിരക്ഷയും വന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഏതാണ്ട് അമ്പത് ലക്ഷത്തോളം കര്‍ഷകരാണ് വിദര്‍ഭയില്‍ പ്രതിസന്ധിയിലായത്. ഇതില്‍ 2005നും 2014നുമിടയ്ക്ക് ആത്മഹത്യ ചെയ്തവരുടെ എണ്ണം 1,100.

എന്നാല്‍ നഷ്ടപരിഹാരമായി പ്രഖ്യപിച്ച തുക പോലും ഇവരിലേറെ പേര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വരള്‍ച്ചയും അപ്രതീക്ഷിതമായ കനത്ത മഴയും മൂലമുണ്ടായ കൃഷിനാശത്തെ തുടര്‍ന്നാണ് വിദര്‍ഭയില്‍ കര്‍ഷകര്‍ കടക്കെണിയിലായത്. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യ ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.

മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ നിന്ന് ഇവര്‍ക്ക് 2000 കോടിയുടെ ദുരിതാശ്വാസ തുക വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി 3750 കോടിയുടെ സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ ഫണ്ടുകളൊന്നും കര്‍ഷക കുടുംബങ്ങളില്‍ കൃത്യമായി എത്തിയിരുന്നില്ല.

നശിച്ച കൃഷിയിടങ്ങളും അച്ഛനില്ലാത്ത മക്കളുമായി ആയിരത്തിലധികം സ്ത്രീകളാണ് വിദര്‍ഭയില്‍ ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവര്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി ഇന്ന് ഉപവാസമിരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.