ടെല്‍ അവീവ്: ഇസ്രഈലിലെ തീവ്ര ഓര്‍ത്തഡോക്‌സ് വിഭാഗമായ ഹരേദികളെ നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയമാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസം 1000ത്തോളം വരുന്ന ഹരേദി ജൂതയുവാക്കളെ സൈനിക സേവനത്തിന് അയക്കണം എന്നാവശ്യപ്പെട്ട് നിര്‍ദേശം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.
ഹരേദി ജൂതരെ നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയമാക്കുന്നത് തോറയെയും ജൂതമതത്തെയും നശിപ്പിക്കും എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പുറത്താക്കപ്പെട്ട മുന്‍ പ്രതിരോധമന്ത്രി യൊവ് ഗാലന്റിന്റെ ഭരണസമയത്താണ് 7000ത്തോളം വരുന്ന ഹരേദി ജൂതന്മാരെ നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയരാക്കണം എന്നുത്തരവിട്ടത്. ഇതില്‍ 1000 പേര്‍ക്കാണ് കഴിഞ്ഞ ദിവസം നിര്‍ദേശം ലഭിച്ചത്. എന്നാല്‍ ഇസ്രഈല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റെടുത്തിട്ടും ഈ നിര്‍ദേശത്തില്‍ മാറ്റം ഉണ്ടായിട്ടില്ല.
പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റുമുട്ടി. ടെല്‍ അവീവിന് സമീപമുള്ള ബ്‌നെയ് ബ്രാക്കില്‍ഡ നൂറുകണക്കിന് പേര്‍ ചേര്‍ന്ന് ഹൈവെ ഉപരോധിച്ചു. സൈന്യത്തില്‍ ചേരാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സൈനിക സേവനത്തില്‍ നിന്ന് പിന്‍മാറുന്ന ആളുകളുടെ പാസ്‌പോര്‍ട്ടും ധനസഹായവും റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് ആവശ്യപ്പെട്ടിരുന്നു.
ഹരേദി വിഭാഗക്കാരെ നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയരാക്കരുതെന്ന് മതപുരോഹിതനായ മുന്‍ സെഫേര്‍ദി ചീഫ് റബ്ബി യിത്സാക് യോസഫ് ആവശ്യപ്പെട്ടിരുന്നു.
ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് അഥവാ ഐ.ഐ.ഐ.എസ് പുറത്തുവിട്ട മിലിട്ടറി ബാലന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രഈല്‍ സേനയില്‍ 126,000 സൈനികരാണുള്ളത്. നാവിക സേനയില്‍ 9,500ഉം വ്യോമസേനയില്‍ 34,000 പേരുമുണ്ട്. ആകെ മൊത്തം 169,500 സജീവ ഉദ്യോഗസ്ഥര്‍.
ഇവര്‍ക്ക് പുറമെ കരുതല്‍ സേനയില്‍ 465,000 ഉദ്യോഗസ്ഥരുമാണുള്ളത്. 18 വയസിന് മുകളിലുള്ള സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ എല്ലാ യുവാക്കളും നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയരാവണം. ചില സാഹചര്യങ്ങളില്‍ ഇസ്രഈല്‍ യുവാക്കള്‍ക്ക് ഇളവുകളും നല്‍കാറുണ്ട്.