യു.പിയില്‍ ആര്‍.എസ്.എസിന് ആറ് യൂണിറ്റുകളാണുള്ളത്. അതില്‍ നാലെണ്ണവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു.
ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ദേശീയ പ്രസിഡന്റ് അമിത് ഷായുടെയും യു.പിയിലെ ബി.ജെ.പി ചീഫ് കേശവ് പ്രസാദ് മൗര്യയുടെയും കോലം കത്തിച്ചു.
അമിത് ഷായുടെ ലക്‌നൗ സന്ദര്‍ശനത്തിനിടെ പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞിരുന്നു. നേരത്തെ അയോധ്യയില്‍ ഫാസിയാബാദ് ബി.ജെ.പി എം.പിയെയും പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റിനെയും കെട്ടിയിടുകയും ചെയ്തിരുന്നു.
ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കുള്ളില്‍ ഇത്രയേറെ പ്രശ്‌നങ്ങളുണ്ടാവുന്നതെന്ന് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
Must Read:പാര്‍ട്ട് ടൈം നിരാഹാര സമരമോ? നിരാഹാര പന്തലില്‍ നിന്നും രാത്രിയായപ്പോള്‍ കാറില്‍കയറിപ്പോകുന്ന വി. മുരളീധരന്റ വീഡിയോ പുറത്ത്
യു.പിയില്‍ ആര്‍.എസ്.എസിന് ആറ് യൂണിറ്റുകളാണുള്ളത്. അതില്‍ നാലെണ്ണവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു. അടിസ്ഥാനതലത്തില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ചവര്‍ക്കു പകരം ബി.ജെ.പി ഏകപക്ഷീയമായി ബന്ധുക്കള്‍ക്കും പുറന്നാട്ടുകാര്‍ക്കും പാര്‍ട്ടി ടിക്കറ്റ് നല്‍കിയെന്നാണ് ഇവരുടെ ആരോപണം.
ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി രാംലാലും ബി.ജെ.പിയുടെ ചാര്‍ജുള്ള ആര്‍.എസ്.എസിന്റെ സഹസര്‍കാര്യവാഹ് കൃഷ്ണ ഗോപാലും പ്രാന്ത പ്രചാരകരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതത്ര എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ട്.
“തീ ആളിക്കത്തിച്ചവര്‍ തന്നെ കെടുത്തട്ടെ” എന്നാണ് അനുനയിപ്പിക്കാന്‍ ചെന്ന രാംലാലിനോട് ഒരു പ്രചാരക് പറഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
263 അസംബ്ലി സീറ്റുകളുള്ള കിഴക്കന്‍ യു.പിയിലെ ആര്‍.എസ്.എസ് ക്ഷേത്ര പ്രചാരക് ശിവ നാരായണന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി കാരണം ബി.ജെ.പി നേതാക്കളെ കാണാന്‍ കൂട്ടാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസിന്റെ പിന്തുണതേടി ലക്‌നൗ ഓഫീസിലെത്തിയ ബി.ജെ.പി നേതാവ് റീത്ത ബഹുഗുണ ജോഷിയെ കാണാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തങ്ങളോട് അഭിപ്രായം ചോദിച്ചെങ്കിലും തങ്ങളുടെ അഭിപ്രായത്തിന് ഒട്ടുംവിലകല്‍പ്പിച്ചില്ലെന്ന് ലക്‌നൗവിലെ ഒരു മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരക് പറയുന്നു. സാധാരണയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി കൂടുതല്‍ സീറ്റ് മാറ്റിവെക്കുകയും ശേഷിക്കുന്നത് നേതാക്കന്മാരുടെ ബന്ധുക്കള്‍ക്ക് നല്‍കുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ നേര്‍വിപരീതമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.