ന്യൂയോര്‍ക്ക്: മിനസോട്ട സര്‍വകലാശാലയില്‍ നെതന്യാഹു ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ വിട്ടയക്കാത്തത്തില്‍ പ്രതിഷേധം. ഫലസ്തീന്‍ അനുകൂലികളായ 11 വിദ്യാര്‍ത്ഥികളെയാണ് യു.എസ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരിടവേളയ്ക്ക് ശേഷമാണ് യു.എസില്‍ ഇസ്രഈല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നത്. മിനസോട്ട ക്യാമ്പസിലെ ഒരു കെട്ടിടത്തില്‍ താത്കാലികമായി ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നെലെയാണ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായത്.
മിനസോട്ട സര്‍വകലാശാലയില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ ക്യാമ്പസിലെ മോറില്‍ ഹാളിന്റെ പേര് ഫലസ്തീന്‍ അനുകൂലികള്‍ ‘ഹാലിമി ഹാള്‍’ എന്ന് പുനര്‍നാമകരണം ചെയ്തതായി കാണപ്പെടുന്നുണ്ട്. യു.എം.എന്‍ സ്റ്റുഡന്റസ് ഫോര്‍ ഡെമോക്രാറ്റിക് സൊസൈറ്റിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ഓഗസ്റ്റില്‍ ഗസയിലുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ 19 കാരനായ മെഡോ ഹാലിമിയോടുള്ള ബഹുമാനാര്‍ത്ഥമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ മിനിയാപൊളിസ് ഡൗൺടൗണിലെ ഹെനെപിന്‍ കൗണ്ടി ജയിലിലാണ് വിദ്യാര്‍ത്ഥികള്‍. ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യു.എസില്‍ പ്രതിഷേധം തുടരുകയാണ്. പ്രാദേശിക അനുകൂല സംഘടനകളും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി യു.എസ് സര്‍വകലാശാലകളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഹാമില്‍ട്ടണ്‍ ഹാളിന്റെ പേര് ‘ഹിന്ദ് ഹാള്‍’ എന്ന് ഫലസ്തീന്‍ അനുകൂലികള്‍ പുനര്‍നാമകരണം ചെയ്തിരുന്നു. ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് വയസുകാരി ഹിന്ദ് റജബിനോടുള്ള ബഹുമാനാര്‍ത്ഥമായിരുന്നു വിദ്യാര്‍ത്ഥികളുടെ നീക്കം.
അറ്റ്‌ലാന്റയിലെ എമോറി സര്‍വകലാശാലയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ യു.എസ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വിദ്യാര്‍ത്ഥികളെ ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു.
ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളും പൊലീസിന്റെ അതിക്രമത്തിന് ഇരയായിരുന്നു. വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് തടഞ്ഞ പ്രൊഫസറെ പൊലീസ് മര്‍ദിക്കുന്നതിന്റെയും കൈവിലങ്ങ് ധരിപ്പിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുമുണ്ടായി.
പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുത്ത പരിപാടികള്‍ക്കിടയിലും ഫലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തികൊണ്ട് നെതന്യാഹുവിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു. ഇസ്രഈലിന് സഹായം നല്‍കുന്ന കമ്പനികളില്‍ യു.എസിലെ വിവിധ സര്‍വകലാശാലകള്‍ക്ക് നിക്ഷേപമുണ്ട്. ഇതിനെതിരെയാണ് യു.എസില്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
Content Highlight: Protest in US for 11 Arrested Pro-Palestinian Students