തിരുവനന്തപുരം: രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും യുവാക്കള്‍ കൂട്ടായ്മ സംഘടിപ്പിച്ചു. തലസ്ഥാനത്തെ മാനവീയം വീഥിയിലാണ് 25 ഓളം യുവതീയുവാക്കള്‍ പങ്കെടുത്ത കൂട്ടായ്മ നടന്നത്. രാജ്യവ്യാപകമായി 16-ലേറെ നഗരങ്ങളില്‍ സംഘടിപ്പിച്ച സമാനമായ കൂട്ടായ്മകളുടെ ഭാഗമായാണ് കേരളത്തിലും കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ചില രോഗങ്ങളെ നേരിടാനുള്ള കഴിവ് കഞ്ചാവിന് ഉണ്ടെന്നാണ് ഈ കൂട്ടായ്മയിലുള്ളവര്‍ പറയുന്നു. ഔഷധ ആവശ്യത്തിനായി കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് തങ്ങളുടെ ആവശ്യം. കഞ്ചാവിന്റെ ഔഷധഗുണം വര്‍ഷങ്ങള്‍ക്കു മുന്‍പേ തെളിയിക്കപ്പെട്ടതാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇന്ത്യയുടെ പാരമ്പര്യമാണ് കഞ്ചാവ് എന്നു പറയുന്ന ഇവര്‍ അഥര്‍വ്വവേദത്തില്‍ കഞ്ചാവിനെ പറ്റി പറയുന്നുണ്ടെന്നും കൂട്ടായ്മയിലുള്ള വിപിന്‍ പറയുന്നു.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ കഞ്ചാവ് യഥേഷ്ടം ഉപയോഗിക്കാമായിരുന്നു. 1985-ലാണ് സര്‍ക്കാര്‍ കഞ്ചാവ് നിരോധിച്ചത്. അമേരിക്കന്‍ സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ത്യ കഞ്ചാവ് നിരോധിച്ചതെന്നും വിപിന്‍ പറയുന്നു. ആരോഗ്യത്തിന് ഹാനികരമായ മദ്യം, സിഗരറ്റ് എന്നിവ ഇവിടെ ഇപ്പോഴും ഉപയോഗിക്കാം. എന്നാല്‍ ഔഷധഗുണമുള്ള കഞ്ചാവിനാണ് ഇവിടെ വിലക്കെന്ന് ഇവര്‍ പറയുന്നു. ദി ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്മെന്‍റ് – ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
അമേരിക്ക, ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണെന്ന് കൂട്ടായ്മ അവകാശപ്പെടുന്നു. ഈ വിഷയത്തില്‍ ന്യൂസ് 18 കേരളം ചാനല്‍ നടത്തിയ ജനകീയ ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഏതാണ്ട് ഭൂരിഭാഗം പേരും കഞ്ചാവിനെതിരെയാണ് സംസാരിച്ചത്.
ചര്‍ച്ചയുടെ വീഡിയോ കാണാം:
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇ വാര്‍ത്ത